'പെര്‍ഫോമര്‍ എന്ന നിലയില്‍ നെടുമുടി വേണു കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിച്ചിരുന്നു'; മോഹന്‍

'പെര്‍ഫോമര്‍ എന്ന നിലയില്‍ നെടുമുടി വേണു കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിച്ചിരുന്നു'; മോഹന്‍

ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ നെടുമുടി വേണു കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിച്ചിരുന്നുവെന്ന് സംവിധായകന്‍ മോഹന്‍. പത്മരാജന്‍, ജോണ്‍പോള്‍ എന്നിവരുടെ തിരക്കഥയില്‍ മലയാളത്തില്‍ നിരവധി ചിത്രങ്ങളാണ് മോഹന്‍ ഒരുക്കിയത്. സംവിധാനം ചെയ്ത 22 മലയാള സിനിമകളില്‍ 11 എണ്ണത്തിലും നെടുമുടി വേണു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. തന്റെ സിനിമകളില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് പരിപൂര്‍ണ്ണ ബോധ്യമുണ്ടെന്ന് മോഹന്‍ ദി ക്യുവിനോട് പ്രതികരിക്കവെ പറഞ്ഞു.

വേണു എന്ന സുഹൃത്ത്

നടന്‍ എന്നതിനപ്പുറത്ത് സുഹൃത്ത് എന്ന നിലക്കാണ് ഞാന്‍ ഒരുമാസം മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ പോയി കണ്ടത്. ഞാന്‍ തിരുവനന്തപുരത്ത് വേണുവിന്റെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. വേണു എന്റെ വീട്ടിലും വന്ന് താമസിച്ചിട്ടുണ്ട്. അത്തരം അടുപ്പങ്ങള്‍ എനിക്ക് സിനിമ ലോകത്ത് വളരെ ചുരുക്കം ആളുകളുമായി മാത്രമെ ഉള്ളു. അതില്‍ ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് വേണു.

ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്റെ ആദ്യത്തെ മകന്റെ കല്യാണത്തിന് ക്ഷണിച്ചിട്ട് വേണുവിന് വരാന്‍ പറ്റിയില്ല. രണ്ടാമത്തെ മകന്റെ കല്യാണത്തിന് വേണു ഇവിടെയുണ്ടായിരുന്നു. അന്ന് എന്താ എന്നെ കല്യാണത്തിന് വിളിക്കാത്തതെന്ന് ചോദിച്ചു. അപ്പോ ഞാന്‍ പറഞ്ഞു ആദ്യത്തെ കല്യാണത്തിന് വിളിച്ചിട്ട് വരാത്തവരെയൊന്നും വിളിച്ചിട്ടില്ലെന്ന്. അതുപോലെ ഒരിക്കല്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞു 'ഓ അയാള്‍ക്ക് പടമൊന്നുമില്ല്യാട്ടോ എന്ന്' അപ്പോ വേണു ഇങ്ങോട്ട് കമന്റ് അടിച്ചു 'ഈ ഇരിക്കുന്ന ആള്‍ക്ക് ഒരുപാട് പടമുള്ള പോലെയാണ് സംസാരമെന്ന്'. അത്തരത്തിലുള്ള ഒരുപാട് തമാശകള്‍ ഞങ്ങള്‍ പറയുമായിരുന്നു.

പെര്‍ഫോമര്‍ മാത്രമല്ല ക്രിയേറ്റര്‍ കൂടിയാണ് വേണു

ഞാന്‍ 22 മലയാള സിനിമ ചെയ്തതില്‍ 11 സിനിമയില്‍ വേണു അഭിനയിച്ചിട്ടുണ്ട്. വേണു എന്റെ സിനിമയില്‍ ചെയ്ത ആ 11 കഥാപാത്രങ്ങള്‍ വേറെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. കാരണം ഞാന്‍ പറയുന്ന രീതിയിലുള്ള പെര്‍ഫോമന്‍സ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറേത്തക്ക് തരുന്ന ഒരു നടനായിരുന്നു വേണു. പിന്നെ വേണു വെറും പെര്‍ഫോമര്‍ മാത്രമായിരുന്നില്ല ഒരു ക്രിയേറ്റര്‍ കൂടിയായിരുന്നു.

വേണു 'വിടപറയും മുന്‍പേ'യില്‍ അഭിനയിക്കുന്നതിന് മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ തകര എന്ന സിനിമയാണ് കണ്ടിട്ടുള്ളത്. തകരയിലെ കഥാപാത്രവും എന്റെ സിനിമയില്‍ വേണു ചെയ്ത കഥാപാത്രവും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ചെല്ലപ്പന്‍ ആശാരിയും സേവിയറും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. തകരയില്‍ വേണുവിന്റെ അഭിനയം കണ്ട് ഞാന്‍ അന്തംവിട്ട് പോയിട്ടുണ്ട്. അതിന് ശേഷം വേണു ഇളക്കങ്ങള്‍, ആലോലം, രചന തുടങ്ങിയ സിനിമകളില്‍ വളരെ വ്യത്യസ്തമായ കഥപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഓരോ കഥാപാത്രങ്ങളെയും വളരെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ വേണുവിന് സാധിച്ചു. ഒരു പെര്‍ഫോമര്‍ എന്ന നിലയക്ക് അദ്ദേഹത്തിന്റെ മുന്‍പിന്‍ വണങ്ങാതിരിക്കാന്‍ കഴിയില്ല.

കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിച്ച നടന്‍

പക്ഷെ വേണുവിന് അതിന് വേണ്ട അംഗീകാരങ്ങള്‍ ഒന്നും ലഭിച്ചില്ല. പത്മശ്രീയും പത്മഭൂഷണുമെല്ലാം കിട്ടേണ്ടതായിരുന്നു. ഇനി മരണാനന്തരമായിരിക്കും വേണുവിന് പത്മഭൂഷന്‍ കിട്ടാന്‍ പോകുന്നത്. ചിലര്‍ മരണത്തിന് ശേഷമായിരിക്കും അംഗീകരിക്കപ്പെടുക. ദേശീയ പുരസ്‌കാരവും വേണുവിന് ലഭിച്ചിട്ടില്ല. എന്റെ ഒരു സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു. അര്‍ദ്ധ സത്യ എന്ന സിനിമയില്‍ ഓം പുരി ചെയ്ത കഥാപാത്രവും വേണുവിന്റെ കഥാപാത്രവുമാണ് അവസാന റൗണ്ടില്‍ വന്നത്. പലര്‍ക്കും കഴിവുണ്ടെങ്കിലും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നമ്മുടെ ജീവിത കാലത്ത് ചിലപ്പോള്‍ കിട്ടിയെന്ന് വരില്ല. മരണനാന്തരമായിരിക്കും അത് സംഭവിക്കുക. ഇനി വേണുവിനെ പറ്റി ഇങ്ങനെയൊരു മഹാ നടന്‍ നമ്മുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ട് പോയല്ലോ എന്ന് ജനം ചിന്തിക്കും.'

Related Stories

No stories found.
logo
The Cue
www.thecue.in