ഉര്‍വ്വശിക്കൊപ്പം ധ്യാനും ശ്രീനാഥ് ഭാസിയും; 'എച്ച്' രണ്ട് തലമുറകളുടെ കഥ പറയുന്ന സിനിമയെന്ന് സംവിധായകന്‍

ഉര്‍വ്വശിക്കൊപ്പം ധ്യാനും ശ്രീനാഥ് ഭാസിയും; 'എച്ച്' രണ്ട് തലമുറകളുടെ കഥ പറയുന്ന സിനിമയെന്ന് സംവിധായകന്‍
Published on

ഉര്‍വ്വശി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. 'എച്ച്' എന്നാണ് ചിത്രത്തിന്റെ പേര്. മാക്‌സ്‌വെല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ ഉര്‍വ്വശിക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. മൂവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

രണ്ട് തലമുറകള്‍ തമ്മിലുള്ള ഒരു ഈഗോ ക്ലാഷാണ് 'എച്ച്' എന്ന സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ മാക്‌സ്‌വെല്‍ ജോസ് ദ ക്യുവിനോട് പറഞ്ഞു. സാധാരണ കണ്ട് വരുന്ന അമ്മ-മക്കള്‍ കഥയല്ല സിനിമയെന്നും ജോസ് പറയുന്നു.

മാക്‌സ്‌വെല്‍ ജോസ് പറഞ്ഞത്:

രണ്ട് തലമുറകള്‍ തമ്മിലുള്ളൊരു ഈഗോ ക്ലാഷാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ സിസി എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി ചേച്ചി അവതരിപ്പിക്കുന്നത്. പിന്നെ ധ്യാന്‍ ശ്രീനിവാസനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രമാണ്. സാധാരണ കണ്ട് വരുന്ന അമ്മ-മക്കള്‍ കഥയല്ല എച്ച് പറയുന്നത്. സിസി ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയാണ്.

ഉര്‍വ്വശി ചേച്ചിയാണ് സിനിമ പെട്ടന്ന് പ്രഖ്യാപിച്ചത്. കഥ കേട്ടപ്പോള്‍ തന്നെ ചേച്ചിക്ക് വലിയ ആവേശമായിരുന്നു. എന്ന് വേണമെങ്കിലും ഷൂട്ടിങ്ങ് തുടങ്ങാമെന്നാണ് പറഞ്ഞത്. ചേച്ചിയുടെ തമിഴ് സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.

എച്ചിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാക്‌സ്‌വെല്‍ ജോസ്, രാജ, നിരഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും ക്രൂവിനെയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in