പടം ചെയ്യണം അല്ലെങ്കിൽ പിന്നെ ഈ അലച്ചിലിനു അർത്ഥമുണ്ടോ എന്ന് ജിത്തു ചോദിച്ചു, ആ തീരുമാനം എത്ര ശരിയാണെന്ന് ഈ സിനിമ തെളിയിച്ചു:ലിജിൻ ജോസ്

പടം ചെയ്യണം അല്ലെങ്കിൽ പിന്നെ ഈ അലച്ചിലിനു അർത്ഥമുണ്ടോ എന്ന് ജിത്തു ചോദിച്ചു, ആ തീരുമാനം എത്ര ശരിയാണെന്ന് ഈ സിനിമ തെളിയിച്ചു:ലിജിൻ ജോസ്
Published on

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് സംവിധായകൻ ലിജിൻ ജോസ്. ജിത്തു അഷ്റഫിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. നമ്മുടേതല്ലാത്ത ചില വിജയങ്ങൾ നമ്മുടെ നേട്ടങ്ങളെക്കാൾ നമ്മളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്ന നിമിഷങ്ങളുണ്ടെന്നും അത്തരം ഒരു നിമിഷമാണ് ഓഫീസർ ഓൺ ഡ്യൂട്ടി കണ്ടിറങ്ങിയപ്പോൾ തനിക്ക് കിട്ടിയതെന്നും ലിജിൻ പറയുന്നു. വ്യക്തമായ ധാരണയോടെ, ഒരു വിട്ടുവീഴ്ചയുമില്ലാതെ ഒരു തീപ്പൊരി കൊമേർഷ്യൽ എന്റർടൈൻറിന് വേണ്ട എല്ലാ പിരിമുറുക്കത്തോടെയും ഒരുക്കിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്നും പങ്കുവച്ച പോസ്റ്റിൽ ലിജിൻ പറഞ്ഞു.

ലിജിൻ ജോസിന്റെ പോസ്റ്റ്:

ഓഫീസർ ഓൺ ഡ്യൂട്ടി അഥവാ മൂന്ന് ആലപ്പുഴക്കാരുടെ അഴിഞ്ഞാട്ടം.

നേരിട്ട് നമ്മുടേതല്ലാത്ത ചില വിജയങ്ങൾ നമ്മുടെ നേട്ടങ്ങളെക്കാൾ നമ്മളിൽ സന്തോഷവും അഭിമാനവും നിറക്കുന്ന നിമിഷങ്ങളുണ്ട്. ഇന്ന് ഓഫീസർ ഓൺ ഡ്യൂട്ടി കണ്ടിറങ്ങിയത് ആ സന്തോഷത്തോടെയും, അഭിമാനത്തോടെയുമാണ്. ചാക്കോച്ചന്റെ സിനിമ , ഷാഹിയുടെ സിനിമ , എല്ലാത്തിലുമുപരി ജിത്തുവിന്റെ ആദ്യ സിനിമ.

ആലപ്പുഴ SD കോളേജിലെ ഡിഗ്രി പഠന കാലം. ഇംഗ്ലീഷ് ഡിപ്പാർട്മെന്റൽ സൂപ്പർ സീനിയർ ആണ് ജിത്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് ഇന്നും അറിയാത്ത എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങൾ ഫൈനൽ ഇയർ ഡിഗ്രിക്കാരും ഫൈനൽ ഇയർ MA യിലെ സീനിയേഴ്സും വൻ കമ്പനിയാവുന്നു, ഇതിന്റെ ഗുട്ടൻസ് എന്തെന്ന് അധ്യാപകർക്ക് പോലും മനസിലാവാത്ത വിധം. കമ്പനി കൂടി കൂടി കോളേജ് ടൂർ വരെ ഡിഗ്രി ഫൈനലിയറും MA ഫൈനലിയറും ഒന്നിച്ച് എന്ന ലെവൽ കമ്പനി. അന്നത്തെ ഒരല്പം introvert ആയ MA ഫൈനലിയറുകാരനാണ് ഇന്നത്തെ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഹെവി ഡ്യൂട്ടി ഡയറക്ടർ ജിത്തു അഷ്‌റഫ് എന്ന ജിത്തുമോൻ കെ.എ. (ഇനിഷ്യലിലെ കെ യുടെ അല്പം പരിഷ്കരിച്ച അന്നത്തെ വിശ്വരൂപം പറഞ്ഞു ഇന്ന് സംവിധായകനെ ആക്ഷേപിക്കുന്നില്ല, വെറുതെ വിട്ടിരിക്കുന്നു... ) ജിത്തുവിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്കു വരിക ജിത്തുവിന്റെ വീട്ടിലെ റൂമിന്റെ നാല് ചുവരുകളും നിറയെ അടുക്കിവെച്ച ഓഡിയോ കാസ്സറ്റുകളാണ്. CD യുഗത്തിന് തൊട്ടു മുൻപ് 1999 ആണ് കാലം. രണ്ടു വഴികളിലൂടെ ഞങ്ങൾ സിനിമയിലെത്തി. ജിത്തു തിരക്കേറിയ സഹ സംവിധായകനായി. പരസ്പരം കാണൽ വളരെ അപൂർവ്വം. ജിത്തു അസ്സോസിയേറ്റ് ആയി വർക്ക് ചെയ്ത സിനിമകൾ കണ്ടിട്ട് ഇടയ്ക്കു വിളിക്കും. ഏറെ പ്രതീക്ഷയോടെ പ്ലാൻ ചെയ്ത സ്വന്തം പ്രൊജക്റ്റ് ഒടുവിൽ നടക്കാതെ പോയതിന്റെ സങ്കടവും നിരാശയും ഒക്കെയുണ്ടായിരുന്നു പലപ്പോഴും ജിത്തുവിന്റെ വാക്കുകളിൽ.

നായാട്ടിലും, ഇരട്ടയിലും ജിത്തുവിന്റെ തകർപ്പൻ അഭിനയം കണ്ട് പഴയ introvert ജിത്തുവിനെയോർത്തു അത്ഭുതപ്പെട്ടിട്ടുണ്ട്. ഇങ്ങനൊരു പെർഫോർമർ ഉള്ളിലുണ്ട് എന്നറിഞ്ഞതേ ഇല്ലല്ലോ, അഭിനയം സേഫ് റൂട്ടാണ് അത് പിടിച്ചോ എന്ന് പറഞ്ഞപ്പോ, ഇല്ല ലിജിനെ, പടം ചെയ്യണം അല്ലങ്കിൽ പിന്നെ ഈ അലച്ചിലിനു അർത്ഥമുണ്ടോ എന്നായിരുന്നു ജിത്തുവിന്റെ മറുപടി. ആ തീരുമാനം എത്ര ശരിയാണെന്നു ബോധ്യമായി ഇന്ന് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ സംവിധായകൻ തന്നെ അഭിനയിച്ചിരിക്കുന്ന ഒറ്റഷോട്ടിലെടുത്ത, ആദ്യത്തെ സീൻ കണ്ടപ്പോ. Bold & hard-hitting. സിനിമ മുഴുവൻ കണ്ടപ്പോ ജിത്തുവിന്റെ മുറിയിലെ ചുവരുകളിൽ കൃത്യതയോടെ അടുക്കിവെച്ച ആ കാസ്സറ്റുകളെ പറ്റിവീണ്ടും ഓർത്തു. ഒരു സിനിമയുടെ പേര് പറഞ്ഞാൽ ഒന്ന് വിരൽ ചൂണ്ടി ഒരു നിമിഷം കൊണ്ട് ജിത്തു ആ കാസ്സെറ്റ് എടുക്കും. അതേ കൃത്യതയോടെയാണ് ജിത്തു ആദ്യത്തെ സിനിമ ഒരുക്കിയിരിക്കുന്നതും. എവിടെ, എന്ത്, എപ്പോൾ, എത്ര വേണം എന്ന വ്യക്തമായ ധാരണയോടെ, ഒരു വിട്ടുവീഴ്ചയുമില്ലാത്ത മേക്കിങ്. ഒരു തീപ്പൊരി കൊമേർഷ്യൽ എന്റർടൈൻറിന് വേണ്ട എല്ലാ പിരിമുറുക്കത്തോടെയും. ഒപ്പം കണ്ണിൽ ഇതുവരെ കാണാത്ത തീയുമായി കുഞ്ചാക്കോ ബോബനും പിന്നെ പോലീസ് ജീവിതങ്ങളുടെ വേവും, നീറലും നേരിട്ടറിഞ്ഞിട്ടുള്ള ഷാഹി കബീറിന്റെ എഴുത്ത്. മൂന്ന് പേരും പ്രിയപ്പെട്ടവർ, ആലപ്പുഴക്കാരും. ഈ മൂവർ സംഘത്തിന്റെ അഴിഞ്ഞാട്ടമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഈ വിജയത്തിൽ എനിക്കൊരു പങ്കുമില്ല. പക്ഷെ, ചിലപ്പോൾ നമുക്ക് പ്രിയപ്പെട്ടവരുടെ വിജയങ്ങൾ നമ്മുടെ നേട്ടങ്ങളെക്കാൾ നമ്മളിൽ സന്തോഷവും അഭിമാനവും നിറക്കും. Officer On Duty is a stainless entertainer and the finest directorial debut in recent years. Proud of you Jithu.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമിച്ചിരിക്കുന്നത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in