സുരേഷ് ​ഗോപിയെ നയിക്കുന്നത് സവർണ്ണ ബോധം, പിണറായി വിജയന് മുന്നിൽ കെെകെട്ടി നിന്ന ഭീമൻ രഘുവിന്റെ പ്രവൃത്തി ലജ്ജിപ്പിക്കുന്നുന്നെന്ന് കമൽ

സുരേഷ് ​ഗോപിയെ നയിക്കുന്നത് സവർണ്ണ ബോധം, പിണറായി വിജയന് മുന്നിൽ കെെകെട്ടി നിന്ന ഭീമൻ രഘുവിന്റെ പ്രവൃത്തി ലജ്ജിപ്പിക്കുന്നുന്നെന്ന് കമൽ

അടുത്ത ജന്മം ഒരു ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞ, ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് നിർദേശിച്ച ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ​ഗോപി മാറിയതിൽ ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ. അദ്ദേ​ഹത്തെ നയിക്കുന്നത് സവർണ്ണ ബോധമാണ്. അദ്ദേ​ഹത്തിന്റെ മാതാപിതാക്കളെപ്പോലും തള്ളിപ്പറയുകയാണ് എന്ന പോലും മറന്നു കൊണ്ട് അദ്ദേഹത്തിൽ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു എന്നും അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്നും കമൽ പറയുന്നു. പിണറായി വിജയന്റെ മുന്നിൽ കെെയുംകെട്ടി നിന്ന് ഭക്തി കാണിക്കുന്നത് അശ്ലീലമാണെന്നും ഒരു സിനിമാക്കാരൻ എന്ന നിലയിൽ നമ്മളൊക്കെ ഭീമൻ രഘുവിന്റെ നിൽപ്പ് കാണുമ്പോൾ ലജ്ജിക്കുകയാണ് എന്നും കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കമൽ പറഞ്ഞു.

കമൽ പറഞ്ഞത്:

എന്റെ സഹപ്രവർത്തകനായ, നിങ്ങളുടെ നാട്ടുകാരനായ, കൊല്ലത്തുകാരനായ വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് നിർദേശിച്ച ആ മനുഷ്യനേപ്പോലെ തന്നെ അശ്ലീലമായി, ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ നമുക്ക് ലജ്ജയുണ്ട്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുമ്പോൾ അദ്ദേഹത്തിനെ നയിക്കുന്ന ബോധം ഒരു സവർണ്ണ ബോധമാണ്. അദ്ദേഹ​ത്തിന്റെ കുടുംബാ​ഗങ്ങളെ, മാതാവിനെയും പിതാവിനെയും അടക്കം തള്ളിപ്പറയുകയാണ് എന്നത് പോലും മറന്നു കൊണ്ട്, അദ്ദേഹത്തിൽ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കെെയുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും.

പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ല, അശ്ലീലമാണെന്ന് ഭീമൻ രഘുവിന് മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. ഇതാണ് അതിന്റെ പ്രശ്നം, സിനിമാക്കാരൻ എന്ന നിലയിൽ നമ്മളൊക്കെ ലജ്ജിക്കുകയാണ് ഭീമൻ രഘുവിന്റെ നിൽപ്പ് കാണുമ്പോൾ. അതുപോലെയുള്ള നമ്മുടെ കലാകാരന്മാരുടെ ഇത്തരം ചില അഭിപ്രായ പ്രകടനങ്ങൾ കാണുമ്പോൾ നമുക്ക് ലജ്ജ തോന്നുകയാണ്. കാരണം ഇവർക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്പോൾ. അതൊക്കെ തന്നെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. അപ്പോൾ പുതിയ തലമുറ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം എന്ന് പറയുന്നത്, ഇതല്ല നമ്മുടെ ഇന്ത്യ നമ്മൾ സ്വപ്നം കണ്ടിരുന്നൊരു ഇന്ത്യയുണ്ട്, ​ഗാന്ധിജിയും അംമ്പേക്കറും നെഹറുവും ഒക്കെ നമുക്ക് സംഭാവന ചെയ്തു തന്ന, പുതിയ കലമുറയുടെ കയ്യിലേൽപ്പിച്ചു തന്നൊരു ഇന്ത്യയുണ്ട്. അത് കാത്തു സൂക്ഷിക്കേണ്ട വലിയൊരു ഉത്തരവാദിത്തം നമുക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in