'ഇന്ത്യയിലെ സിനിമകൾ രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ കടന്നുപോകുന്നു'; ഭയം തോന്നുവെന്ന് ജിയോ ബേബി

'ഇന്ത്യയിലെ സിനിമകൾ രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ കടന്നുപോകുന്നു'; ഭയം തോന്നുവെന്ന് ജിയോ ബേബി

ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു എന്ന് സംവിധായകൻ ജിയോ ബേബി. ഇന്ത്യയിലെ സിനിമകൾ രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ കടന്നുപോകുന്നു എന്നും ഇത് കലയ്‌ക്കോ സമൂഹത്തിനോ കലാകാരനോ നല്ലതല്ലെന്നും പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞു.

ജിയോ ബേബി പറഞ്ഞത്:

ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ഭയപ്പെടുന്നു. ഇന്ത്യയിലെ സിനിമകൾ രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ കടന്നുപോകുന്നു. ഇത് സിനിമാ പ്രവർത്തകർക്ക് മാത്രമല്ല, എല്ലാ കലാകാരന്മാരെയും ആശങ്കപ്പെടുത്തുന്നു. സിനിമയ്ക്ക് എതിരായ ഇത്തരം സെൻസറിങ്ങിന് ആളുകൾ വഴങ്ങുകയാണ്. അടുത്തിടെ ഒരു സിനിമ പിൻവലിച്ചത് പോലെ. ഇത് കലയ്‌ക്കോ സമൂഹത്തിനോ കലാകാരനോ നല്ലതല്ല. സിനിമ പിൻവലിക്കുന്നതിലൂടെ തങ്ങൾ ഒരു കുറ്റകൃത്യമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ചെയ്യുകയാണെന്ന് സിനിമ പിൻവലിക്കുന്നവർ സ്വയം അംഗീകരിക്കുകയാണ്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദ കോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. മമ്മൂട്ടിയെ നായകനാക്കി സ്വവർ​ഗ്​ഗാനുരാ​ഗിയായ ഒരു പുരുഷന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു കാതൽ ദ കോർ. കാതലിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ നിരവധി പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in