'ഹിഗ്വിറ്റ വിവാദങ്ങള്‍ ഇവിടെ അവസാനിക്കട്ടെ'; വേണ്ടിവന്നാല്‍ നിയമപോരാട്ടം തുടരുമെന്ന് ഹേമന്ത് ജി നായര്‍

'ഹിഗ്വിറ്റ വിവാദങ്ങള്‍ ഇവിടെ അവസാനിക്കട്ടെ'; വേണ്ടിവന്നാല്‍ നിയമപോരാട്ടം തുടരുമെന്ന് ഹേമന്ത് ജി നായര്‍

എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ടൈറ്റിലില്‍ അവകാശവാദമുന്നയിച്ചതിനെതുടര്‍ന്ന് വിവാദത്തിലായ 'ഹിഗ്വിറ്റ' എന്ന എന്ന സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തോട് പ്രതികരിച്ച് സംവിധായകന്‍ ഹേമന്ത് ജി മേനോന്‍. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും ഇതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

''കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു ഞാനും എന്റെ സഹപ്രവര്‍ത്തകരും. അതിനിടെയാണ് സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് എന്‍. എസ് മാധവന്‍ അവകാശവാദമുന്നയിക്കുന്നതും, വിവാദങ്ങള്‍ ആരംഭിക്കുന്നതും. നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുപോലെ, എന്‍. എസ് മാധവന്റെ 'ഹിഗ്വിറ്റ' എന്ന കഥയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നിരിക്കെയാണ് ഇങ്ങനെയൊരു വിവാദമുണ്ടാകുന്നത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമയ്ക്ക് ടൈറ്റില്‍ അനുവദിച്ചുതരാനാകില്ലെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. അതിന് മുന്‍പ് അവസാന ശ്രമമെന്ന നിലയില്‍ സിനിമയുടെ രജിസ്ട്രേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച വീണ്ടും ഫിലിം ചേമ്പറിനെ സമീപിച്ചിരുന്നു. എന്നാല്‍, ടൈറ്റില്‍ മോഷണം സംബന്ധിച്ച എന്‍. എസ് മാധവന്റെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടൈറ്റില്‍ അനുവദിക്കാനാകില്ലെന്നും, തങ്ങള്‍ നിസ്സഹായരാണെന്നുമാണ് ഫിലിം ചേമ്പറില്‍ നിന്ന് ലഭിച്ച മറുപടി.

ഇതോടെയാണ് സിനിമയ്ക്ക് അംഗീകാരം നല്‍കാന്‍ അധികാരമുള്ള സംവിധാനമെന്ന നിലയില്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. ടൈറ്റില്‍ ഉള്‍പ്പടെ, ഫസ്റ്റ് ഫ്രയിം മുതലുള്ള പൂര്‍ണ്ണമായ പതിപ്പാണ് സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച പ്രദര്‍ശനം പൂര്‍ത്തിയാക്കി അന്നു വൈകീട്ട് തന്നെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുനല്‍കി.''

പ്രദര്‍ശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ പ്രതികരിച്ചു. ടൈറ്റില്‍ വിവാദവുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ നിയമനടപടികളിലേക്ക് ഇനി പോകേണ്ടി വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത്തരമൊരു സാഹചര്യം വരുന്ന പക്ഷം സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം മുന്‍നിര്‍ത്തി നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയ്ക്ക് പുറത്തുണ്ടായ സംവാദങ്ങളെയും ചര്‍ച്ചകളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും ഹേമന്ത് പറഞ്ഞു.

''ഞങ്ങളുടെ ഭാഗത്ത് നീതി കണ്ടതുകൊണ്ടാകണമല്ലോ അത്തരമൊരു പിന്തുണ പൊതു സമൂഹത്തില്‍ നിന്ന് ലഭിച്ചത്. ഒരു തുടക്കക്കാരനെന്ന നിലയില്‍ വലിയ പിന്തുണ സംഘടനയില്‍നിന്നും ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതിനുപുറമെ, സുരാജ് വെഞ്ഞാറമ്മൂടും സിനിമയ്ക്ക് ഒപ്പം നിന്ന സാങ്കേതിക പ്രവര്‍ത്തകരും നല്‍കിയ പിന്തുണയിലാണ് സിനിമയുമായി മുന്നോട്ടുപോകുന്നത്.''

ഇക്കാര്യത്തില്‍ ഫിലിം ചേമ്പറിനോടോ, മറ്റാരോടൊങ്കിലുമോ വ്യക്തിപരമായ യാതൊരു വിഷമമോ വൈരാഗ്യമോ തനിക്കില്ലെന്നും ഹേമന്ത് വ്യക്തമാക്കി. എന്‍. എസ് മാധവനെപ്പോലെയൊരു വ്യക്തി എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാതി ഉന്നയിച്ചതെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. ഒരിക്കല്‍ പോലും ഞങ്ങള്‍ നേരിട്ട് കണ്ട് സംസാരിക്കുകയോ കഥ ചര്‍ച്ച ചെയ്യുകയോ ഒന്നുമുണ്ടായിട്ടില്ല. ഏതെങ്കിലും വിധത്തിലുള്ള തെറ്റിദ്ധാരണയായിരിക്കാം അദ്ദേഹത്തിന്റെ പരാതിക്ക് പിന്നിലെന്നും സംവിധായകന്‍ പ്രതികരിച്ചു. നിലവില്‍ ഡിസംബറില്‍ തീരുമാനിച്ചിരുന്ന റിലീസ് സാധ്യമാകാത്ത സാഹചര്യത്തില്‍ ജനുവരിയില്‍ ചിത്രം റിലീസുചെയ്യാമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കണക്കുക്കൂട്ടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in