'ഏസ്‌തെറ്റിക്‌സ് മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല'; നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ തമിഴ് സംവിധായിക ഹലിത

'ഏസ്‌തെറ്റിക്‌സ്  മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല'; നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ തമിഴ്  സംവിധായിക ഹലിത

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ കോപ്പിയടിയാരോപണവുമായി തമിഴ് സംവിധായിക ഹലിത. ഹലിത സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏല എന്ന ചിത്രത്തിന്റെ ഏസ്‌തെറ്റിക്‌സ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മോഷ്ടിച്ചുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹലിത ഫേസ്ബുക്കില്‍ കുറിച്ചു.

സില്ലു കറുപ്പട്ടിയുള്‍പ്പെടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത ഷമീം. ഏലേ എന്ന ചിത്രത്തിന് വേണ്ടി താന്‍ ഒരുക്കിയ ഗ്രാമത്തില്‍ തന്നെയാണ് നന്‍പകല്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും താന്‍ ക്രിയേറ്റ് ചെയ്ത ഏസ്‌തെറ്റിക്‌സ് മോഷ്ടിക്കപ്പെടുന്നത് തളര്‍ത്തുന്നതാണെന്നും ഹലിത ഫേസ്ബുക്കില്‍ കുറിച്ചു.

ഏലെയില്‍ ഐസ് വില്പനക്കാരന്‍ നന്‍പകലില്‍ പാല്‍ക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. മോര്‍ച്ചറി വാനിന് പിന്നാലെ സെമ്പുലി ഓടിയതുപോലെ ഇവിടെ മിനി ബസിന് പിറകേ സെവലൈ ഓടുന്നു. ഏലേയില്‍ ഞാന്‍ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനന്‍. അദ്ദേഹം മമ്മൂട്ടിക്കൊപ്പം പാടുന്നു. ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ലെന്നും അതൊക്കെ താന്‍ ഇതില്‍ കണ്ടെന്നും ഹലിത കുറിക്കുന്നു.

ഏലേ എന്ന തന്റെ സിനിമയെ എഴുതിത്തള്ളാം, പക്ഷേ അതില്‍ നിന്ന് ആശയങ്ങളും ഏസ്‌തെറ്റിക്‌സും മോഷ്ടിച്ചാല്‍ താന്‍ നിശബ്ദയാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹലിത കുറിപ്പ് അവസാനിപ്പിക്കുന്നത്. തനിക്ക് വേണ്ടി താന്‍ തന്നെ സംസാരിക്കണമെന്ന അവസ്ഥ വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും അവര്‍ കുറിപ്പില്‍ പറയുന്നുണ്ട്.

നന്‍പകലിന്റെ പോസ്റ്ററിന് ഏലെയുടെ പോസ്റ്ററുമായി സാമ്യതകളുണ്ടെന്നും ഹലിതയുടെ പോസ്റ്റിന് കീഴെ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ലിജോ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷമാദ്യമായിരുന്നു തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്‌കെയില്‍ വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in