​'പടം ബ്ലോക്ക്ബസ്റ്ററാണ് പക്ഷേ ഈ വിജയം നീ തലയിൽ കൊണ്ട് നടക്കരുത്'; നടൻ അജിത് നൽകിയ ഉപദേശത്തെക്കുറിച്ച് ആദിക് രവിചന്ദ്രൻ

​'പടം ബ്ലോക്ക്ബസ്റ്ററാണ് പക്ഷേ ഈ വിജയം നീ തലയിൽ കൊണ്ട് നടക്കരുത്'; നടൻ അജിത് നൽകിയ ഉപദേശത്തെക്കുറിച്ച് ആദിക് രവിചന്ദ്രൻ
Published on

'​ഗുഡ് ബാഡ് അ​ഗ്ലി'യുടെ വിജയത്തിന് ശേഷം നടൻ അജിത് തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് സംവിധായകൻ ആദിക് രവിചന്ദ്രൻ. അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലീ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററിൽ നിന്നും ലഭിക്കുന്നത്. റിലീസിന് ശേഷം താൻ അജിത് സാറിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും സിനിമ ഹിറ്റാണ് എന്നാൽ വിജയമോ പരാജയമോ നീ തലയിൽ കൊണ്ട് നടക്കരുതെന്നും അടുത്തതിന് വേണ്ടി പരിശ്രമിക്കണമെന്നുമാണ് അദ്ദേഹം തന്നെ ഉപദേശിച്ചതെന്നും ആദിക് രവിചന്ദ്രൻ ​ഗുഡ് ബാഡ് അ​ഗ്ലിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു.

ആദിക് രവിചന്ദ്രൻ പറഞ്ഞത്:

ഞാൻ അജിത് സാറിനെ കാണുന്നത് 2018 ൽ ആണ്. നേർ കൊണ്ട പാർവയ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അത്. അവിടം മുതൽ എന്റെ ജീവിതം പൂർണമായും മാറി മറിഞ്ഞു. അദ്ദേഹം എന്റെ ജീവിതത്തേടും സിനിമയോടുമുള്ള കാഴ്ചപ്പാടുകള ഒന്നാകെ മാറ്റി മറിച്ചു. എനിക്ക് ഇപ്പോഴും ഓർമയുണ്ട് അദ്ദേഹം ബോണി കപൂർ സാറിനോട് എന്നെക്കുറിച്ച് പറഞ്ഞത്, സാർ എന്റെ വാക്കുകൾ കുറിച്ച് വച്ചോളൂ, ഇവൻ വലിയൊരു ഡയറക്ടർ ആകും എന്ന്. ആ സമയത്ത് എനിക്കൊരു നല്ല ഫിലിമോ​ഗ്രഫി പോലും ഉണ്ടായിരുന്നില്ല. ആ സമയത്ത് എന്റെ മുൻ ചിത്രം പോലും പരാജയമായിരുന്നു. ആ സമയത്താണ് അജിത് സാർ എനിക്കൊപ്പം സിനിമ ചെയ്യാം എന്ന് സമ്മതിച്ചത്. ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന് പിന്നാലെ ഞാൻ അജിത്ത് സാറുമായി സംസാരിച്ചിരുന്നു. ഈ ചിത്രം ബ്ലോക്ക്ബസ്റ്ററാണ്. എന്നാൽ അത് മറന്നേക്ക്, ഈ വിജയം തലയിൽ വെച്ചുകൊണ്ട് നടക്കരുത്. പരാജയവും നിങ്ങൾ കൊണ്ടുനടക്കരുത്. അത് വിട്ടുകളയുക, എന്നിട്ട് അടുത്തതിനായി വർക്ക് ചെയ്യുക എന്നാണ് അദ്ദേഹം ഉപദേശിച്ചത്.

അതേസമയം മൂന്ന് ദിവസം കൊണ്ട് 100 കോടിയും പിന്നിട്ട് മുന്നേറുകയാണ് അജിത് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലീ. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ'ആണ് ചിത്രം എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിൽ അജിത്തിന്റെ പ്രകടനത്തിനൊപ്പം അർജുൻ ദാസിന്റെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. പ്രിയ പി വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിനും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in