മമ്മൂട്ടി നായകനായി 1992ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കിഴക്കൻ പത്രോസ്'. മമ്മൂട്ടി, മണിയൻപിളള രാജു, ഉർവ്വശി, ജനാർദ്ദനൻ എന്നിങ്ങനെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ഒന്നിച്ച് നൃത്തം ചെയ്ത ഒരു പാട്ടിന്റെ ലൊക്കേഷൻ ഓർമ്മകൾ വിവരിക്കുകയാണ് സംവിധായകനായ ടി എസ് സുരേഷ് ബാബു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ നൃത്തം പഠിപ്പിക്കാൻ പ്രഭുദേവയും അച്ഛനും എത്തിയ സംഭവം സംവിധായകൻ ഓർത്തെടുത്തത്.
സുരേഷ് ബാബുവിന്റെ വാക്കുകൾ:
'ചിത്രത്തിലെ നീരാഴി പെണ്ണിന്റെ... എന്ന ഗാനം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡാൻസ് മാസ്റ്റർ സുന്ദരനും മകൻ പ്രഭുദേവയും കിഴക്കൻ പത്രോസിന്റെ സെറ്റിൽ എത്തിയത്. ഞാൻ ചെയ്തതിൽ ഏറ്റവും വെച്ച് ഏറ്റവും വലിയ പാട്ടുളള സിനിമ ആയിരുന്നു അത്. നീരാഴി പെണ്ണിന്റെ... എന്നു തുടങ്ങുന്ന പാട്ടിൽ നാൽപ്പതോളം ഡാൻസേഴ്സ് ഉണ്ട്. മമ്മൂക്ക, ഉർവ്വശി ജനാർദ്ദനൻ ചേട്ടൻ, മണിയൻപിളള രാജു, സൈനുദ്ദീൻ എല്ലാവരും ഡാൻസ് കളിക്കണം. രണ്ടുദിവസം മുമ്പുതന്നെ ജനാർദ്ദനൻ ചേട്ടനും മണിയൻപിളള രാജുവുമൊക്കെ പ്രാക്ടീസ് തുടങ്ങി. ഉർവ്വശിയും തലേ ദിവസമേ പ്രാക്ടീസിനെത്തി. മമ്മൂക്ക മാത്രം സമയമുണ്ടല്ലോ നോക്കാമെന്ന് പറഞ്ഞു.
സെറ്റിൽ വന്നപ്പോൾ മമ്മൂക്ക കാണുന്നത് നാൽപത് ഡാൻസേഴ്സിനെയാണ്. അതിൽ ഒരു വശത്ത് സുന്ദരൻ മാസ്റ്ററും മറ്റൊരു വശത്ത് പ്രഭുദേവയുമായിരുന്നു. അവരെ കണ്ട്, കമലഹാസന് വേണ്ടിയാണോ ഇവർ വന്നത്, എന്നാണ് മമ്മൂക്ക അന്ന് എന്നോട് ചോദിച്ചത്. പക്ഷെ ഓകെ പറയുന്നതുവരെ ഡാൻസ് ചെയ്യാൻ അദ്ദേഹം തയ്യാറായി. തീയറ്ററിൽ നിറഞ്ഞ കയ്യടി ആയിരുന്നു മമ്മൂക്കയുടെ ഡാൻസിന്.'