മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, ജോജി തുടങ്ങിയ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. 2022 പുറത്തിറങ്ങിയ ഫഹദ് ചിത്രം ജോജി ആണ് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തെത്തിയ ചിത്രം. ഇപ്പോൾ ഇതാ സംവിധാനത്തിൽ സംഭവിച്ച ഇടവേളയെക്കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. ഇഷ്ടപ്പെട്ട ഒരുപാട് കഥകൾ സംവിധാനത്തിന് വേണ്ടി ചർച്ചകൾ നടന്നിട്ടുണ്ടെന്നും എന്നാൽ അത് സിനിമയാക്കാനുള്ള അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആ കഥയോടുള്ള താൽപര്യം നഷ്‍ടപ്പെട്ടു പോവുകയാണെന്നും ദിലീഷ് പോത്തൻ പറയുന്നു. എന്നാൽ ഇപ്പോൾ ഏകദേശം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഘട്ടത്തിലേക്ക് വന്നിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
ദിലീഷ് പോത്തൻ പറഞ്ഞത്:
കഥ നമുക്ക് കിട്ടും. പൂർണ്ണമായ ഒരു സിനിമയുടെ സ്വഭാവത്തിലേക്ക് അതിനെ വളർത്തിക്കൊണ്ടു വരുന്ന പ്രൊസസ്സിലാണ് എപ്പോഴും തോറ്റ് പോകുന്നത്. കഥ പലതും താൽപര്യമുള്ള വിഷയങ്ങളും പല പ്ലോട്ടുകളും നമ്മൾ ചർച്ച ചെയ്യുകയും എഴുത്തുകാരുമായി കൂടിയിരുന്ന് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിനെ സിനിമയുടെ ഒരു ഫൈനൽ ഫോമിലേക്ക് വളർത്തിക്കൊണ്ടിരിക്കുന്നതിനിടെയ്ക്ക് നമുക്ക് തന്നെ അതിനോട് താൽപര്യം കുറഞ്ഞു പോവുകയും അതിനോടുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. അങ്ങനെയാണ് പലതും പാതിവഴിയിൽ വച്ച് നിർത്തിപ്പോകുന്നത്. പക്ഷേ ഇപ്പോൾ ഒരു പരിപാടി ഏകദേശം വീണ്ടും വട്ടത്തിൽ വന്നിട്ടുണ്ട്. അത് ഒക്കുമായിരിക്കും. ഏകദേശം ഒരു ഫോമിലേക്ക് അത് എത്തിയിട്ടുണ്ട്.
ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന റോന്താണ് ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന ദിലീഷ് പോത്തൻ ചിത്രം. ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹന്നാന്‍ എന്ന എഎസ്‌ഐയുടേയും ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. യോഹന്നാനായി ദിലീഷ് പോത്തനും, ദിന്‍നാഥായി റോഷന്‍ മാത്യുവും എത്തുന്ന ചിത്രം ജൂണ്‍ പതിമൂന്നിന് തിയറ്ററുകളിലേക്ക് എത്തും. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.