'ആവേശം ബ്ലോക്ക്ബസ്റ്ററാണെന്ന് അറിയാമായിരുന്നു, എന്നിട്ടും ലാഗ് ആണെന്ന് ഞാൻ വെറുതെ പറഞ്ഞതാണ്, അതിന് തെറിയും കേട്ടു': ധ്യാൻ ശ്രീനിവാസൻ

'ആവേശം ബ്ലോക്ക്ബസ്റ്ററാണെന്ന് അറിയാമായിരുന്നു, എന്നിട്ടും ലാഗ് ആണെന്ന് ഞാൻ വെറുതെ പറഞ്ഞതാണ്, അതിന് തെറിയും കേട്ടു': ധ്യാൻ ശ്രീനിവാസൻ
Published on

2024 ലെ ഏറ്റവും ക്ലാഷ് റിലീസുകളിലൊന്നായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷവും ജിതു മാധവൻ ഒരുക്കിയ ആവേശവും. വിഷുവിന് റിലീസിനെത്തിയ ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രിവ്യു സമയത്ത് ആവേശം രണ്ടാം പകുതി ലാ​ഗാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് സമൂഹ മാധ്യമങ്ങളി‍ൽ വൈറലായിരുന്നു. എന്നാൽ എന്തുകൊണ്ട് താൻ അന്നങ്ങനെ പറഞ്ഞു എന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അമ്മ സംഘടനയുടെ പ്രത്യേക ചാറ്റ് ഷോയില്‍ ബാബു രാജിനോടും ഫഹദിനോടും സംസാരിക്കവേയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്:

ഫഹദിക്ക എന്നെ വിളിച്ച് അന്ന് പ്രമോഷൻ സമയത്ത് പറഞ്ഞത് നമുക്ക് ഒരുമിച്ച് പ്രമോഷൻ ചെയ്യാം എന്നാണ്. പക്ഷേ ഉണ്ണി മുകുന്ദന് പറ്റാതെയായപ്പോഴാണ് ഞങ്ങൾ ആ പ്ലാൻ ഉപേക്ഷിച്ചത്. പ്രണവോ നിവിനോ കല്യാണിയോ പ്രമോഷന് വരില്ല. പക്ഷേ പ്രമോഷൻ നടക്കുകയും വേണം. ആരെ വിളിക്കണമെന്ന് അറിയില്ല, അങ്ങനെ ആലോചിച്ചാണ് ഞാൻ ബേസിലിനെ ഇറക്കിയത്. ആവേശത്തിനൊപ്പം നിൽക്കണമല്ലോ? ചേട്ടൻ പലയിടത്തും പോയി പലതും പറഞ്ഞിട്ടും അതങ്ങോട്ട് കയറുന്നില്ല. ചെന്നൈ, നന്മ ഇതൊക്കെയാണ് പരിപാടി എന്നുള്ളതിൽ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല. ജനങ്ങൾ കാത്തിരിക്കുകയാണ്. ഇതിലും ചെന്നൈ നന്മമരം ഒക്കെയാണെങ്കിൽ ആൾക്കാർ കൊല്ലും എന്നുള്ള കാര്യം ഉറപ്പാണ്. ബേസിലിന് അന്ന് വയ്യായിരുന്നു. ഞാൻ അവനെ വിളിച്ചിട്ട് പറഞ്ഞു ഡാ നീ ഒരു രണ്ട് പരിപാടിക്ക് ഇരുന്ന് തരണം. സിനിമയൊന്നും ചർച്ച ചെയ്യേണ്ട, തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറ‍ഞ്ഞാൽ മതി. ആവേശം കത്തി നിൽക്കുകയാണ്. അങ്ങനെ ഒരു പത്തോളം ഇന്റർവ്യൂ കൊടുത്തു. ഇന്റർവ്യൂ കഴിഞ്ഞപ്പോഴേക്കും സിനിമയൊന്ന് പൊങ്ങി. അതു പിന്നൊരു ബാധ്യതയായി. കാരണം ആൾക്കാര് വിചാരിച്ചത് ഈ തമാശയൊക്കെ സിനിമയിൽ ഉണ്ടാകും എന്നാണ്. ഇന്റർവ്യൂവിൽ ഉള്ള തമാശയൊന്നും സിനിമയിലില്ലല്ലോയെന്നാണ് ആൾക്കാർ വന്നു പറയാൻ തുടങ്ങി. ഇന്റർവ്യൂവിൽ ഞാൻ ഇരുന്ന് തള്ളി മറിച്ചു. നിവിൻ വന്ന സ്ഥലത്ത് മാത്രമാണ് സിനിമ ഒന്ന് ഉയർന്നത്. ആവേശം ഹിറ്റടിച്ചപ്പോൾ പിന്നെ ഇതെങ്ങനെയെങ്കിലും ഒന്നു കയറ്റി വിടണമല്ലോ എന്നായി ചിന്ത. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് പണ്ട് ഉസ്താദ് ഹോട്ടലും തട്ടത്തിൻ മറയത്തും ക്ലാഷ് വന്ന സമയത്തെക്കുറിച്ച് ഓർത്തത്. അന്ന് ഉസ്താദ് ഹോട്ടലിനെക്കാൾ ഒരുപടി മുകളിലായിരുന്നു തട്ടത്തിൻ മറയത്ത്. അപ്പോൾ ചരിത്രം ആവർത്തിക്കട്ടെ എന്ന് ഞാനൊരു ഡയ​ലോ​ഗ് അടിച്ചു. അതിന് ശേഷം പ്രിവ്യു വച്ച സമയത്ത് ഞാൻ പറഞ്ഞു. ആവേശം സെക്കന്റ് ഹാഫ് എന്തോ ലാ​ഗ് ആണെന്ന് കേട്ടല്ലോ എന്ന്. നമുക്ക് അറിയാം പടം ബ്ലോക്ക് ബസ്റ്ററാണെന്ന്. ഏട്ടൻ എന്നോട് വന്നി ചോദിച്ചു നീ എന്തിനാ അങ്ങനെ പറഞ്ഞേ എന്ന്.എന്തെങ്കിലുമൊക്കെ പറയേണ്ട എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. എടാ അത് അവർക്കൊരു പ്രശ്നമാവില്ലേയെന്ന് ചേട്ടൻ ചോദിച്ചു. ഞാൻ പറഞ്ഞതു കേട്ട് ഒരാളും അത് കാര്യമായിട്ട് എടുക്കാൻ പോകില്ലെന്ന് ഞാൻ പറഞ്ഞു. അതിന് എനിക്ക് തെറി വേറെ വന്നു.

Related Stories

No stories found.
logo
The Cue
www.thecue.in