ലോകഃ എന്ന വലിയൊരു സിനിമയെ ഫോളോ ചെയ്ത് വരുന്ന ചിത്രമാണ് വള, ഇഷ്ടപ്പെട്ടതുകൊണ്ടാണ് വേഫെറർ ഈ സിനിമയിൽ പങ്കാളികളായത്; ധ്യാൻ ശ്രീനിവാസൻ

ലോകഃ എന്ന വലിയൊരു സിനിമയെ ഫോളോ ചെയ്ത് വരുന്ന ചിത്രമാണ് വള, ഇഷ്ടപ്പെട്ടതുകൊണ്ടാണ് വേഫെറർ ഈ സിനിമയിൽ പങ്കാളികളായത്; ധ്യാൻ ശ്രീനിവാസൻ
Published on

വളയെക്കുറിച്ച് പുറത്ത് നിന്നും ലഭിക്കുന്ന ആദ്യത്തെ ഫീഡ് ബാക്ക് വേഫെറർ ഫിലിംസിന്റേത് ആയിരുന്നുവെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ലോകഃ എന്ന വലിയൊരു ചിത്രത്തിന് ശേഷം വേഫെററിന്റെ പ്രൊഡക്ഷനിൽ വിതരണത്തിനെത്തുന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും പ്രധാന വേഷങ്ങളിലെത്തുന്ന വള. സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വേഫെറർ ഇത് വിതരണത്തിനെത്തിക്കാൻ തയ്യാറായത് എന്നും വളരെ റൂട്ടഡ് ആയി കഥ പറയുന്ന ചിത്രമാണ് വള എന്നും ധ്യാൻ ശ്രീനിവാസൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്:

ഇവിടുത്തെ ഏറ്റവും വലിയ ഒരു സൂപ്പർ സ്റ്റാറിന്റെ ബാനറാണ് വേഫെറർ. വെറുതെ കണ്ട് ഒരു സിനിമ വിതരണത്തിനെത്തിക്കേണ്ട് കാര്യം അവർക്കില്ലല്ലോ? ഈ സിനിമയെക്കുറിച്ച് നമുക്ക് പുറത്ത് നിന്നും ആദ്യം കിട്ടുന്ന ഫീഡ് ബാക്ക് എന്നു പറയുന്നത് അവരിൽ നിന്നാണ്. അവർ കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഈ സിനിമ വിതരണത്തിനെത്തിക്കാൻ അവർ തീരുമാനിച്ചത്. ലോകഃ എന്ന വലിയൊരു സിനിമയെ ഫോളോ ചെയ്ത് വരുന്ന ചിത്രമാണ് ഇത്. പക്ഷേ ഇതൊരു ഹൈ കോൺസെപ്റ്റ് സിനിമ ഒന്നുമല്ല. വളരെ റൂട്ടഡ് ആയ സിനിമയാണ് വള. പാൻ ഇന്ത്യൻ രീതിയിൽ അല്ല നമ്മൾ ഈ സിനിമ ചെയ്തിരിക്കുന്നതും. ലോകയിൽ നിന്നും മാറി വേഫെറർ കൊണ്ടു വരുന്ന വേറിട്ട സിനിമ തന്നെയാണ് വള.

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായി കഥ പറയുന്ന ചിത്രമാണ് വള. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in