
ഇക്കാലയളവിൽ താൻ അഭിനയിച്ച എല്ലാ സിനിമകളിൽ നിന്നും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വലിയ പാഠങ്ങൾ പഠിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ. നല്ല മേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ അവർ കൃത്യമായി ഫീഡ് ചെയ്തുതരും. അത് നമ്മുടെ പണി പകുതി കുറയ്ക്കും. വളയിൽ മുഹാഷിൻ പറഞ്ഞുതന്നതിന്റെ അപ്പുറമോ ഇപ്പുറമോ താൻ പെർഫോം ചെയ്തിട്ടില്ല എന്നും ധ്യാൻ ശ്രീനിവാസൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ
കഴിഞ്ഞ ഒന്നുരണ്ട് വർഷമായി ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഹിറ്റായതും അല്ലാത്തതുമായ സിനിമകൾ അതിൽ ഉണ്ടായിട്ടുണ്ട്. എല്ലാ സിനിമകളിൽ നിന്നും മോണിറ്ററി ബെനിഫിറ്റ് അല്ലാതെ ഒരു ലേണിങ് എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിലോ ടെക്നീഷ്യൻ എന്ന നിലയിലോ അത് മറ്റൊരു അവസരമാണ്. ഉദാഹരണത്തിന്, പ്രിൻസ് ആൻഡ് ഫാമിലിക്ക് അടുത്തായാണ് ഡിക്റ്ററ്റീവ് ഉജ്ജ്വലൻ റീലീസാകുന്നത്. പ്രിൻസിൽ ഞാൻ അഭിനയിക്കുന്നത് സൗഹൃദങ്ങളുടെ ബേസിലാണ്, അതൊരു ക്യാരക്ടർ റോളായിരുന്നു. എന്നാൽ, ദിലീപുമായി ഒരു സിനിമ ചെയ്തു എന്ന സന്തോഷവും അതിലുണ്ട്. സെറ്റിൽ വച്ച് അദ്ദേഹത്തോട് എന്റെ മനസിലുള്ള പല കഥകളും ഞാൻ ഷെയർ ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ ഞാൻ ലീഡ് റോളും തൊട്ടടുത്ത് ചെയ്ത മലയാളി ഫ്രം ഇന്ത്യയിൽ നിവിന്റെ ശിങ്കിടിയുമായാണ് ഞാൻ സ്ക്രീനിലെത്തിയത്. വർഷങ്ങൾക്ക് ശേഷം യാതൊരു പുതിയ സജ്ജീകരണങ്ങളും ഇല്ലാതെ 36 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞ പടമാണ്. മലയാള സിനിമയിൽ ഇന്ന് അത് പോസിബിളാണോ എന്ന് വരെ ഡൗട്ടാണ്. ടൈം മാനേജ്മെന്റും പ്ലാനിങ്ങുമെല്ലാം എനിക്ക് അവിടെ നിന്നും പഠിക്കാൻ പറ്റി. വളയിലേക്ക് വരുമ്പോൾ മുഹാഷിൻ പറയുന്നതിന്റെ അപ്പുറമോ ഇപ്പുറമോ ഞാൻ പോയിട്ടില്ല. നല്ല മേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ അവർ കൃത്യമായി ഫീഡ് ചെയ്തുതരും. അത് നമ്മുടെ പണി പകുതി കുറയ്ക്കും.