24-ാം വയസിൽ ആ റോൾ ചെയ്യാൻ പൃഥ്വിരാജല്ലാതെ മറ്റൊരു നടന്‍ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല: ധ്യാൻ ശ്രീനിവാസൻ

24-ാം വയസിൽ ആ റോൾ ചെയ്യാൻ പൃഥ്വിരാജല്ലാതെ മറ്റൊരു നടന്‍ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല: ധ്യാൻ ശ്രീനിവാസൻ
Published on

മലയാള സിനിമയിൽ ഇന്ന് ഒരുപാട് ആരാധകരുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സംസാര ശൈലി കൊണ്ടും അഭിമുഖങ്ങളിലൂടെയും ധ്യാൻ മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ്. എന്നാൽ, ധ്യാൻ ശ്രീനിവാസൻ ആരുടെ ആരാധകനാണ് എന്ന് ചോദിച്ചാൽ അതിനുത്തരം പൃഥ്വിരാജ് സുകുമാരൻ എന്നായിരിക്കും. ഇരുപത്തിനാലാം വയസിൽ വാസ്തവം പോലൊരു സിനിമയിലെ മുഖ്യ കഥാപാത്രത്തെ ചെയ്യാൻ കെൽപ്പുള്ള ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നും മലയാള സിനിമയുടെ ടോർച്ച് ബേററാണ് പൃഥ്വിരാജെന്നും ധ്യാൻ ശ്രീനിവാസൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ

നന്ദനം കഴിഞ്ഞപ്പോൾ കാണാൻ കൊള്ളാവുന്ന, നല്ല ശബ്ദമുള്ള ഒരു നടൻ എന്ന പേര് പൃഥ്വിരാജ് നേടിയിരുന്നു. അഭിനയത്തേക്കാൾ ഒരു സ്റ്റാർ മെറ്റീരിയലാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സ്ക്രീന്‍ പ്രെസന്‍സും എടുത്തു പറയേണ്ടതാണ്. കാരണം, ഇരുപത്തിനാലാം വയസില്‍ വാസ്തവം പോലൊരു സിനിമ ചെയ്യാന്‍ പറ്റുന്നൊരു നടന്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല. മോഹന്‍ലാലിന് ശേഷം ഇത്രയും മികച്ച രീതിയില്‍ ആ റോള്‍ ചെയ്യാന്‍ സാധിക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചതാണ്. ആ വർഷം അച്ഛനും സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചിരുന്നു. അതുകൊണ്ട് ആ പരിപാടിക്ക് ഞാനും പോയിരുന്നു. അന്ന് അദ്ദേഹം ഒരു പ്രസം​ഗം നടത്തിയിരുന്നു. ആ പ്രസം​ഗം കേട്ട് ഫാൻ ആയി പോയ ആളാണ് ഞാൻ.

അന്നുമുതൽ പൃഥ്വിരാജിന്റെ നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു. കുറച്ച് മോശം സമയത്തിലൂടെയും അദ്ദേഹം കടന്നുപോയിരുന്നു. അപ്പോഴും അദ്ദേഹം ഒരു സ്റ്റാർ മെറ്റീരിയൽ തന്നെയാണ്. ഒരു ആക്ഷൻ സിനിമയൊക്കെ വന്നാൽ ഹിറ്റടിക്കും എന്നൊക്കെ പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് പുതിയ മുഖം വരുന്നതും പൃഥ്വിരാജ് സ്റ്റാർഡം എന്ന് വിളിക്കാവുന്ന ഉയരത്തിലേക്ക് എത്തുന്നതും. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പൃഥ്വിരാജ് എന്ന സ്റ്റാർ അവിടെ ലേബൽ ചെയ്യപ്പെടുകയാണ് ഉണ്ടായത്. വിനീത് ശ്രീനിവാസൻ പറഞ്ഞതുപോലെ, ദി ടോർച്ച് ബെയറർ ഓഫ് മലയാളം സിനിമ ആരെന്ന് ചോദിച്ചാൽ, അത് പൃഥ്വിരാജാണ്.

Related Stories

No stories found.
logo
The Cue
www.thecue.in