'ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച ദേവ് പട്ടേൽ ചിത്രം മങ്കി മാൻ ഒടിടിയിലേക്ക്'; ചിത്രം പീക്കോക്കിൽ സ്ട്രീം ചെയ്യും

'ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച ദേവ് പട്ടേൽ ചിത്രം മങ്കി മാൻ ഒടിടിയിലേക്ക്'; ചിത്രം പീക്കോക്കിൽ സ്ട്രീം ചെയ്യും

ഇന്ത്യയിൽ റിലീസ് നിഷേധിച്ച ദേവ് പട്ടേൽ ചിത്രം മങ്കി മാൻ ഒടിടി റിലീസിനൊരുങ്ങുന്നു. ജൂൺ 14 ന് അമേരിക്കൻ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമായ പീക്കോക്കിലാണ് ചിത്രം പ്രീമിയർ ചെയ്യുക. സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് പട്ടേൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മങ്കി മാൻ. ദേവ് പട്ടേൽ തന്നെ നായകനായി എത്തിയ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശന അനുമതി നിഷേധിച്ചിരുന്നു. ഹനുമാൻ്റെ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം പ്രതികാരത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കഥയാണ് പറയുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സായിരുന്നു ചിത്രം നിർമിച്ചത്. എന്നാൽ ചിത്രം വലതുപക്ഷ ഹിന്ദു ദേശീയതയെ പ്രതിനിധീകരിക്കുന്നു എന്ന കാരണത്താൽ നെറ്റ്ഫ്ലിക്സ് പിന്നീട് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജോർദാൻ പീലെയുടെ മങ്കി പൗ പ്രൊഡക്ഷൻസും യൂണിവേഴ്സൽ പിക്‌ചേഴ്‌സും ചിത്രത്തിന്റെ നിർമാതാക്കളായി എത്തിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 19 ന് ഇന്ത്യയിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു ചിത്രം. എന്നാൽ അക്രമവും ലൈംഗിക രംഗങ്ങളും ഹിന്ദു മതത്തെയും പുരാണങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ചിത്രത്തിൽ ഉൾപ്പെടുന്നതിനാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന്റെ സെൻസർഷിപ്പ് വൈകിപ്പിച്ചു എന്നാണ് മുമ്പ് പുറത്തു വന്ന റിപ്പോർട്ട്.

10 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച മില്യൺ മാൻ ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്തപ്പോൾ ആഗോളതലത്തിൽ 34.5 മില്യൺ ഡോളർ നേടിയിരുന്നു. തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ്, മാർച്ച് 11 ന് സൗത്ത് ബൈ സൗത്ത് വെസ്റ്റിൽ ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു. ഗോറില്ല മാസ്‌ക് ധരിച്ച് ഒരു അണ്ടര്‍ ഗ്രൗണ്ട് ഫൈറ്റ് ക്ലബില്‍ പോരാടുന്ന അജ്ഞാതനായ കിഡ് എന്ന കഥാപാത്രമായാണ് പട്ടേൽ ചിത്രത്തിൽ അഭിനയിക്കുന്നത്. സിക്കന്ദർ ഖേർ, വിപിൻ ശർമ്മ, ശോഭിത ധൂലിപാല, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in