'ഇന്ത്യയിലും ഇത് ബില്യൺ ഡോളര്‍ ബിസിനസ്സ് ' ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥയുടെ പകര്‍പ്പ് പങ്കുവച്ച് ഒമര്‍ ലുലു

'ഇന്ത്യയിലും ഇത് ബില്യൺ  ഡോളര്‍ ബിസിനസ്സ് ' ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥയുടെ പകര്‍പ്പ് പങ്കുവച്ച് ഒമര്‍ ലുലു

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥ എഴുതിയ സിനിമ ആയിരുന്നു ഒമർ ലുലു സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്ന പവർ സ്റ്റാർ. സിനിമയുടെ തിരക്കഥ രചന പുരോഗമിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷമായ വിടവാങ്ങൽ . ഇന്നലെ ഡെന്നിസ് ജോസഫിന്റെ വീട്ടിൽ പോയി പവർസ്റ്റാറിന്റെ തിരക്കഥ വാങ്ങിയതായി സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഡെന്നിസ് ജോസഫിന്റെ കൈപ്പടയിലുള്ള തിരക്കഥയുടെ ഒരു പേജും ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവവച്ചിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരായ കഥാപാത്രങ്ങളുടെ പേരും ഈ പേജില്‍ കാണാം.

ഇന്നലെ Dennis Joseph സാറിന്റെ വീട്ടിൽ പോയി Powerstarന്റെ Script വാങ്ങി.എന്റെ ജീവതത്തിൽ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചർച്ചകളും സൗഹൃദവും എല്ലാം

ഒമര്‍ ലുലു

ബാബു ആന്‍റണിയാണ് സിനിമയിലെ നായകൻ . ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . പവർ സ്റ്റാറിന്റെ ഫൈനൽ ഡ്രാഫ്റ്റ് മാത്രമാണ് ബാക്കിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു ദ ക്യുവിനോട് പറഞ്ഞിരുന്നു . ഉദയകൃഷ്ണയും ബി ഉണ്ണികൃഷ്ണനും ഫൈനൽ ഡ്രാഫ്റ്റിൽ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഫെഫ്കയുടെ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണൻ ഉറപ്പ് നൽകിയതായി ഒമർ ലുലു പറഞ്ഞു.

ഒമർ ലുലു പറഞ്ഞത്

ബാബു ചേട്ടനുമൊത്തുള്ള (ബാബു ആന്റണി) സിനിമയുടെ പ്ലാനിങ് നടക്കുന്ന സമയം . ഡെന്നിസ് സാറിന്റെയൊപ്പം വർക് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് സംവിധായകൻ പ്രമോദ് പപ്പനോട് ഡെന്നിസ് സാർ സിനിമയ്ക്ക് തിരക്കഥ എഴുതണമെന്ന എന്റെ ആഗ്രഹം പറഞ്ഞത്. പപ്പൻ ചേട്ടനും ഡെന്നീസ് സാറും വലിയ സുഹൃത്തുക്കളായിരുന്നു. അങ്ങനെ നമ്മൾ രണ്ട് പേരും ഡെന്നീസ് സാറിനെ കണ്ടു. എന്റെ മനസ്സിലുള്ള ചില ഐഡിയകൾ സാറിനോട് പറഞ്ഞു. പക്ഷെ അതിലൊക്കെ ഹ്യൂമർ ടച്ച് ഉള്ളതിനാൽ ബാബു ചേട്ടൻ നായകനായാൽ യോജിക്കില്ലെന്ന അഭിപ്രായമുണ്ടായി. പക്ഷെ മമ്മൂക്കയാണെങ്കിൽ നല്ലതായിരിക്കുമെന്നും ഡെന്നീസ് സാർ പറഞ്ഞു. എനിക്ക് ബാബു ചേട്ടനെ വെച്ച് പടമെടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അപ്പോഴാണ് കൊക്കെയ്‌ൻ സംബന്ധമായ ഒരു പത്ര വാർത്ത ശ്രദ്ധയിൽ പെട്ടത്. ആ വാർത്ത വെച്ചൊരു ത്രെഡ് ഡെന്നീസ് സാറിന് കിട്ടി. അങ്ങനെയാണ് നമ്മൾ പവർ സ്റ്റാറിന്റെ സ്ക്രിപ്റ്റ് വർക്ക്ഔട്ട് ചെയ്ത് തുടങ്ങിയത്

എന്നാൽ ഇതിനിടയിൽ ചില പാരകൾ അദ്ദേഹത്തെ വിളിച്ച് എനിക്ക് തിരക്കഥ കൊടുക്കരുതെന്ന് പറഞ്ഞു. പപ്പേട്ടനാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. നിനക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടല്ലോ എന്നായിരുന്നു പപ്പേട്ടൻ പറഞ്ഞത്. അപ്പോൾ എനിക്കാകെ ടെൻഷൻ ആയി. ഇനി ഡെന്നീസ് സാർ സ്ക്രിപ്റ്റ് തരാതിരിക്കുമോ എന്ന് പപ്പേട്ടനോട് ചോദിച്ചു. ഡെന്നീസ് സ്ക്രിപ്റ്റ് തരുമെന്ന് പറഞ്ഞാൽ തരും. അദ്ദേഹം തറവാടിയാ.. എന്നാണ് പപ്പേട്ടൻ പറഞ്ഞത്. ഏതായാലും ഈ വിഷയത്തെ കുറിച്ച് ഡെന്നീസ് സാറിനോട് ചോദിക്കാനൊന്നും പോയില്ല . സ്ക്രിപ്റ്റിന്റെ ഫൈനൽ ഡ്രാഫ്റ്റ് ആണ് ഇനി പൂർത്തിയാക്കുവാൻ ഉള്ളത് . ഉദയ്‌കൃഷ്ണയും ബി ഉണ്ണികൃഷ്ണൻ സാറും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഈ വര്ഷം ഒക്ടോബറിൽ തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് . നമ്മൾ കാണുമ്പോഴൊക്കെ ഡെന്നീസ് സാറിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പവർ സ്റ്റാർ കഴിഞ്ഞിട്ട് മമ്മൂക്കയുമായുള്ള പ്രൊജക്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നു ദിവസത്തിനു മുന്നേ ഞാൻ ഡെന്നീസ് സാറിനെ വിളിച്ചിരുന്നു. ലോക്‌ ഡൗൺ കഴിഞ്ഞതിനു ശേഷം ഇരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്

Related Stories

No stories found.
logo
The Cue
www.thecue.in