കാവി ബിക്കിനിക്ക് കട്ടില്ല ; പക്ഷേ അര്‍ദ്ധനഗ്‌ന ക്ലോസപ്പും,  PMO വിളിയും വേണ്ട, 12 മാറ്റങ്ങളോടെ പത്താന് യു/എ സര്‍ട്ടിഫിക്കറ്റ്

കാവി ബിക്കിനിക്ക് കട്ടില്ല ; പക്ഷേ അര്‍ദ്ധനഗ്‌ന ക്ലോസപ്പും, PMO വിളിയും വേണ്ട, 12 മാറ്റങ്ങളോടെ പത്താന് യു/എ സര്‍ട്ടിഫിക്കറ്റ്

ദീപിക പദുകോണിന്റെ ബികിനിക്ക് കാവി നിറമാണെന്ന് പറഞ്ഞുകൊണ്ട് സംഘ്പരിവാര്‍ എതിര്‍ത്ത പത്താനിലെ ബേഷറം രംഗ് എന്ന ഗാനത്തിന് പൂര്‍ണമായി കട്ട് പറയാതെ സെന്‍സര്‍ബോര്‍ഡ്. ആദ്യം സെന്‍സര്‍ ചെയ്യാതെ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച ചിത്രത്തിന് 12 മാറ്റങ്ങള്‍ വരുത്തിയതോടെയാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

വിവാദമായ ബേഷറം രംഗ് എന്ന ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച കാവി നിറമുള്ള ബിക്കിനി ഷോട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തില്ല. ഗാനം വിവാദമായതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഈ ഷോട്ടുകള്‍ നീക്കം ചെയ്‌തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന സെന്‍സര്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ കാവി നിറത്തിലുള്ള ബിക്കിനിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

പത്താന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍:

കേണല്‍ ലുത്താരയെ പറ്റി പറുന്ന ആദ്യ ആമുഖ സംഭാഷത്തില്‍ നിന്ന് 'റോ' എന്ന വാക്ക് മാറ്റി. അതിന് പകരം 'ഹമാരേ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

റിക്രിയേഷണല്‍ ക്ലബ്ബ്, ജിം, പൂള്‍ ടേബിള്‍ എന്നിവടങ്ങളില്‍ ഉപയോഗിച്ച റോ എന്ന പേരിന് മാറ്റി ഹമാരെ എന്നാക്കി.

'പിഎംഓ' എന്ന വാക്ക് മാറ്റി പകരം 'പ്രെസിഡന്റ്' അല്ലെങ്കില്‍ 'മിനിസ്റ്റര്‍' എന്നാക്കി. (13 തവണ)

'അശോക ചക്ര' എന്ന് പറയുന്നതിന് പകരം 'വീര പുരസ്‌കാര്‍' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

സിനിമയിലെ റോ ഏജന്റായ കഥാപാത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

'എക്‌സ്.കെജിബി' ഏജന്‍സി എന്നതിന് പകരം 'എക്‌സ്-എബിയു' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

'മിസിസ് ഭാരത് മാത' എന്നത് 'ഹമാരി ഭാരത് മാതാ' എന്നാക്കി.

'ഇസ്സേ സസ്തി സ്‌കോച്ച് നഹി മിലി' എന്ന ഡയലോഗിലെ സ്‌കോച്ച് എന്ന വാക്ക് മാറ്റി ഡ്രിങ്ക് എന്നാക്കി.

'ബ്ലാക്ക് പ്രിസണ്‍ റഷ്യ' എന്നത് 'ബ്ലാക്ക് പ്രിസണ്‍' എന്ന് മാറ്റം വരുത്തി.

ബേഷറം രങ്കിലെ ചില ക്ലോസ് അപ്പ് ഷോട്ടുകളും ഡാന്‍സ് മൂവുകളും, അര്‍ദ്ധ നഗ്ന സീനുകളും മാറ്റി പകരം ഉചിതമായ ഷോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇംഗ്ലീസ് ക്രെഡിറ്റ്‌സിന് പകരം ഹിന്ദി-ഇംഗ്ലീഷ് ക്രിഡ്റ്റ് ടൈറ്റിലുകളാണ് നല്‍കിയിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി ഈ വിഷയത്തില്‍ പിടിഐയോട് പ്രതികരിച്ചിരുന്നു. 'നമ്മുടെ സംസ്‌കാരവും വിശ്വാസവും മഹത്വമേറിയതും സങ്കീര്‍ണ്ണവുമാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. പിന്നെ സംവിധായകരും പ്രേക്ഷകരും തമ്മിലുള്ള വിശ്വാസം രക്ഷിക്കുക എന്നത് ഉറപ്പാക്കേണ്ട കാര്യമാണ്. അതിനായി സംവിധായകര്‍ പ്രയത്‌നിക്കണം. നിലവിലെ മാറ്റങ്ങള്‍ക്ക് ശേഷം പത്താന്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്', എന്നായിരുന്നു പ്രസൂണ്‍ ജോഷിയുടെ പ്രതികരണം.

ചിത്രത്തിലെ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയാണെന്നും അത് ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അതോടൊപ്പം മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി പാട്ടിലെ ഗാന രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ തോതിലാണ് സമൂഹമാധ്യമത്തിലും പുറത്തും അക്രമണങ്ങളും പ്രതിഷേധവും നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in