ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നത് എളുപ്പമല്ല: 'ഗെഹരിയാനെ' കുറിച്ച് ദീപിക പദുക്കോണ്‍

ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നത് എളുപ്പമല്ല: 'ഗെഹരിയാനെ' കുറിച്ച് ദീപിക പദുക്കോണ്‍

സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നത് എളുപ്പമല്ലെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ശകുന്‍ ഭത്ര സംവിധാനം ചെയ്ത ഗെഹരിയാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവത്തെ കുറിച്ചായിരുന്നു ദീപികയുടെ പരാമര്‍ശം. സെറ്റില്‍ സംവിധായകന്‍ ശകുന്‍ ഭത്ര വളരെ സുരക്ഷിതമായൊരു പരിസരം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് അഭിനേതാക്കള്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ എന്നാണ് ദീപിക മാധ്യമങ്ങളോട് പറഞ്ഞത്.

'ശകുന്‍ സെറ്റില്‍ വളരെ സുരക്ഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ചു. അത് വളരെ പ്രധാനമാണ് കാരണം ഇന്റിമസി അഭിനയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ സിനിമയില്‍ ഞങ്ങള്‍ ഇത് കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളായിരുന്നില്ല ഗെഹരിയാനില്‍ ഉണ്ടായിരുന്നത്. സംവിധായകന്‍ ഇത് പണത്തിന് വേണ്ടി അല്ല ചെയ്യുന്നതെങ്കില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനേതാക്കള്‍ക്ക് നല്ല രീതിയില്‍ തന്നെ സുരക്ഷിതമായി അഭിനയിക്കാന്‍ സാധിക്കും.' എന്നാണ് ദീപിക പറയുന്നത്.

ഗെഹരിയാന്‍ യാഥാര്‍ഥ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന റിയലിസ്റ്റിക്കായൊരു സിനിമയാണ്. ചിത്രത്തില്‍ അലീഷ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. അലീഷയെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ തനിക്ക് തന്റെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടി വന്നുവെന്നും ദീപിക പദുക്കോണ്‍ വ്യക്തമാക്കി.

അതേസമയം ബോളിവുഡ് സിനിമയില്‍ ആദ്യമായാണ് ഇന്റിമസി ഡയറക്ടര്‍ എന്നൊരു പോസ്റ്റ് ഉണ്ടാകുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഡര്‍ ഗായ് എന്ന സംവിധായികയെ ആണ് ഇന്റിമെസി ഡയറക്ടറായി ഗെഹരിയാനില്‍ നിയമിച്ചത്.

ഇന്റിമെസി എന്നത് സിനിമയില്‍ ആക്ഷനും ഡാന്‍സും എല്ലാം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അതിന് പ്രത്യേക പരിഗണന കൊടുത്ത് തന്നെ ചിത്രീകരിക്കേണ്ടതുണ്ട്. അതിനാലാണ് സിനിമയില്‍ ഡര്‍ ഗായിയെ ഇന്റിമെസി ഡയറക്ടറായി നിയമിച്ചതെന്നാണ് സംവിധായകന്‍ ശകുന്‍ ഭത്ര പറഞ്ഞത്.

ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. വളരെ റിയലിസ്റ്റിക്കായി പ്രണയ ബന്ധങ്ങളുടെയും അതില്‍ ഉണ്ടാവുന്ന പ്രതിസന്ധി ഘട്ടങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ഗെഹരിയാന്‍ എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഛദുര്‍വേദി, അനന്യ പാണ്ഡേ, ധരിയ കര്‍വ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഫെബ്രുവരി 11ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in