‘മോദി സാറിനോട് എനിക്കെന്തിനാണ് ദേഷ്യം’,ഫേസ്ബുക്ക് പോാസ്റ്റ് പിന്‍വലിച്ച് വികാരാധീനനായി ടിനി ടോമിന്റെ ലൈവ്

‘മോദി സാറിനോട് എനിക്കെന്തിനാണ് ദേഷ്യം’,ഫേസ്ബുക്ക് പോാസ്റ്റ് പിന്‍വലിച്ച് വികാരാധീനനായി ടിനി ടോമിന്റെ ലൈവ്

1962ല്‍ ക്ഷുഭിതരായ ആള്‍ക്കൂട്ടം ഡച്ച് പ്രധാനമന്ത്രിയെ കൊന്ന് തിന്നുവെന്ന ചിത്രസഹിതമുള്ള പോസ്റ്റ് ടിനി ടോം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. വെറുതെ പറഞ്ഞെന്നേയുള്ളൂ എന്ന തലക്കെട്ടിലായിരുന്നു ടിനിയുടെ പോസ്റ്റ്. എന്നാല്‍ ബിജെപി സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് പിന്നാലെ ടിനി ടോം പോസ്റ്റ് പിന്‍വലിച്ചു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പോസ്റ്റ് അല്ലായിരുന്നുവെന്നും ചാനലുകളും സൈബര്‍ ലോകവും പ്രധാനമന്ത്രിയെ കൊല്ലാന്‍ ആഹ്വാനം ചെയ്‌തെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചതായും ടിനി ടോം ലൈവില്‍ തിരുത്തി. വികാരാധീനനായി മാപ്പപേക്ഷയും നടത്തി. മോദി സാറിനോട് തനിക്കെന്തിനാണ് ദേഷ്യമെന്നും, ചിരിപ്പിക്കാനല്ലാതെ ആരെയും വേദനിപ്പിക്കാന്‍ തനിക്ക് അറിയില്ലെന്നും ടിനി നീണ്ട ലൈവ് സംഭാഷണത്തില്‍ പറയുന്നു. ലൈവിനിടെ സംവിധായകന്‍ മേജര്‍ രവി ഫോണ്‍ വിളിച്ച കാര്യവും ടിനി ടോം പറയുന്നുണ്ട്.

ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്

നമസ്‌കാരം ഞാന്‍ ഇപ്പോള്‍ ലൈവില്‍ വരാന്‍ കാരണം, ഞാന്‍ ഇപ്പോള്‍ ഒരു പോസ്റ്റിട്ടു. അത് ഈ രീതിയില്‍ തെറ്റിദ്ധരിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഞാന്‍ ഇട്ടത് ഒരു നാട്ടില്‍ നടന്ന സംഭവമാണ്. ഞാന്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു നാട്ടില്‍ നടക്കുന്ന സംഭവമാണ്. ഒരു നാട്ടിലെ പ്രധാനമന്ത്രിയെ മോബ് അറ്റാക്ക് ചെയ്ത്, അവരുടെ പ്രധാനമന്ത്രിയെ കൊന്ന് തിന്ന് എന്നുള്ളതാണ്, അത് സൈബരുകാര്, ചാനലുകാരും പല തരത്തില്‍ എടുത്തിട്ടു. അത് വേറെ രീതിയില്‍ വ്യാഖ്യാനിച്ചു. എന്നെ പോലെ സാധാരണ രീതിയില്‍ ജീവിക്കുന്ന, രാഷ്ട്രീയ വിവേചനമില്ലാത്ത ആളെ ഇങ്ങനെ ഉപദ്രവിക്കരുത്. ഇന്ത്യയില്‍ എന്തിന് വേണ്ടിയാണ് അടിയുണ്ടാക്കുന്നത്, ഒരാളുടെ മനസ് വേദനിപ്പിക്കാന്‍ എനിക്കറിയില്ല. ചിരിപ്പിക്കാനേ അറിയൂ. സൈബറുകാര് തിരിച്ചിട്ടു. ഒരിക്കലും പ്രധാനമന്ത്രിയെ ഒന്നും പറഞ്ഞിട്ടില്ല. എന്നെ തെറിവിളിച്ചാലും എന്റെ അപ്പനെ തെറിവിളിച്ചാലും ഒന്നുമില്ല. തെറ്റ് ഏറ്റുപറഞ്ഞു എന്ന മാത്രമേ ഉള്ളൂ. ഒരിക്കലും ഞാന്‍ അത് ആഹ്വാനം ചെയ്തിട്ടില്ല. ക്ഷമ ചോദിക്കുന്നു. ഇതിന് മുമ്പും ഞാന്‍ പറയാത്ത കാര്യം ഫേസ്ബുക്കില്‍ കംപ്ലീറ്റ് വന്നു, സൈബറിന്റെ ആള്‍ക്കാര് വേറെ ഹെഡിംഗ് വച്ച് ലഹളയുണ്ടാക്കാന്‍ നോക്കിയതാണ്. ആഹ്വാനം ചെയ്യാന്‍ ഞാന്‍ ആരാണ്, തീവ്രവാദിയാ. എന്നെ മനസിലാക്കുന്നവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുക.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധവും കാമ്പസുകളില്‍ പ്രക്ഷോഭവും തുടരുമ്പോള്‍ സാംസ്‌കാരിക ലോകത്ത് നിന്ന് കൂടുതല്‍ പിന്തുണ ഉയരുകയാണ്. നടക്കുന്നത് അനീതിയാണെന്നും നാം രാജ്യം ഏല്‍പ്പിച്ചവര്‍അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചിരുന്നു. മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ്, വിനീത് ശ്രീനിവാസ, റിമാ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തി. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്നും ലിജോ പെല്ലിശേരി ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള ചലച്ചിത്ര ലോകത്ത് നിന്ന് നിരവധി പേര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും, ജാമിയാ മില്ലിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് വേട്ടയെ വിമര്‍ശിച്ചും രംഗത്ത് വന്നിട്ടുണ്ട്. ഇത് ഭീകരതയാണെന്നും ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്നും പാര്‍വതി തിരുവോത്ത് ട്വീറ്റ് ചെയ്തിരുന്നു. റിമാ കല്ലിങ്കല്‍, അമലാ പോള്‍, പൃഥ്വിരാജ് സുകുമാരന്‍, ആഷിക് അബു, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയിന്‍, ഷൈജു ഖാലിദ്, ഇര്‍ഷാദ്, നൈലാ ഉഷ, ഷഹബാസ് അമന്‍, നിമിഷാ സജയന്‍, ആന്റണി വര്‍ഗീസ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, രജിഷാ വിജയന്‍, സമീര്‍ താഹിര്‍, അനുരാജ് മനോഹര്‍,തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധവുമായി വന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സുഡാനി ഫ്രം നൈജീരിയ ടീം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകന്‍ സക്കരിയ മുഹമ്മദ്, സഹരചയിതാവ് മുഹസിന്‍ പരാരി, നിര്‍മ്മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരും അഭിനയത്തിന് പുരസ്‌കാരം ലഭിച്ച സാവിത്രി ശ്രീധരനുമാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. നേരത്തെ കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉണ്ട പ്രദര്‍ശനത്തിന് മുമ്പായി സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും ഉള്‍പ്പെടെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധമറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in