
മലയാള സിനിമ പാൻ ഇന്ത്യൻ ശ്രദ്ധകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും വിസ്മയിപ്പിച്ച വർഷമായിരുന്നു 2024. മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പെടെയുള്ള സിനിമകൾ ഇതരഭാഷകളിലും വലിയ വിജയമാണ് നേടിയത്. ശ്രദ്ധേയമായ ഈ കാലയളവിൽ മറ്റ് ഇൻഡസ്ട്രികളിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനികളും മലയാള സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായിരുന്നു. ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗമായി ഇതരഭാഷ പ്രൊഡക്ഷൻ കമ്പനികൾ എത്തുന്നതിനെക്കുറിച്ച് ക്രിസ്റ്റോ ടോമി, രാഹുൽ സദാശിവൻ വിപിൻ ദാസ് ചിദംബരം, ദിൻജിത്ത് അയ്യത്താൻ എന്നീ സംവിധായകർ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
"എന്റെ സ്ക്രിപ്റ്റ് സിനിസ്ഥാൻ വിജയിച്ചപ്പോൾ ബോംബെയിലെ പ്രധാനപ്പെട്ട സ്റ്റുഡിയോസ് അവിടെയുണ്ടായിരുന്നു. ഒരു ദിവസം 18 സ്റ്റുഡിയോസിനോടാണ് കഥ പറഞ്ഞത്. എല്ലാവർക്കും കഥ ഇഷ്ടപ്പെട്ടു. അതിൽ നിന്ന് രണ്ടുപേർ സിനിമ ചെയ്യാൻ താല്പര്യപ്പെട്ട് മുന്നോട്ട് വന്നു. അങ്ങനെയാണ് 'ഉള്ളൊഴുക്ക്' തുടങ്ങുന്നത്." എന്നാണ് ക്രിസ്റ്റോ ടോമി പറഞ്ഞത്.
'ഭ്രമയുഗം' എഴുതുന്നത് ഭൂതകാലത്തിന് മുൻപാണ്. പക്ഷെ ഇവിടെ നിർമ്മാതാക്കളെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഭൂതകാലത്തിന് ശേഷം സിനിമ ചെയ്യാനായി ഒരുപാട് പേർ വിളിച്ചിരുന്നു. വൈ നോട്ട് സ്റ്റുഡിയോസിൽ നിന്ന് വിളിച്ചതും അപ്പോഴാണ്. ബ്ലാക്ക് & വൈറ്റ് ആണ്, എന്നാൽ മമ്മൂക്കയുണ്ട്, പീരിയഡ് ഹൊറർ ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് അത് കണക്ടായി എന്നാണ് രാഹുൽ സദാശിവൻ പറഞ്ഞത്.
ആമിർഖാൻ പ്രൊഡക്ഷൻസിൽ നിന്ന് വിളിക്കുന്നതിന് മുൻപേ തന്നെ മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് റീമേക്ക് റൈറ്റ്സിന് വേണ്ടി വിളിക്കാറുണ്ടായിരുന്നു. റീമേക്ക് റൈറ്റ്സിന് വേണ്ടിയല്ല മറിച്ച് പ്രൊഡക്ഷൻ പാർട്ണർ ആകാൻ വേണ്ടിയും മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വിളിക്കുന്നു എന്നതാണ് 2024ൽ കണ്ട പുതിയ കാര്യം എന്ന് വിപിൻ ദാസ് പറഞ്ഞു.
"ചെറിയ ബഡ്ജറ്റിൽ വലിയ വിജയം എന്ന ഫോർമുലയാണ് പുറത്തുള്ള പ്രൊഡക്ഷൻ ഹൗസുകൾ മലയാളം സിനിമയിൽ കാണുന്ന ഘടകം. എന്നാൽ അത് എപ്പോഴും നടക്കണമെന്നില്ല. ഇവിടെ ഒരു സബ്ജക്റ്റ് തിരഞ്ഞെടുക്കുന്നതും അത് സിനിമയാകുന്നതും മറ്റ് ഇൻഡസ്ട്രിയിൽ ഉള്ള പ്രൊഡക്ഷൻ ഹൗസുകൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല" എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
"ചെന്നൈയിൽ നിന്ന് ഒരു പ്രൊഡ്യൂസർ കണ്ടന്റ് ആവശ്യപ്പെട്ട് വന്നിരുന്നു. തമിഴിലെ വലിയ ഒരു സ്റ്റാറിന് വേണ്ടിയായിരുന്നു. ഇവിടെയുള്ള സംവിധായകരെ അവർ അത്രയും വിശ്വസിക്കുന്നുണ്ട്. അതുപോലെ കർണ്ണാടകയിലെ ഒരു വലിയ സ്റ്റുഡിയോയും വന്നിരുന്നു. മലയാളം കണ്ടന്റ് വേണം എന്നാണ് അവരും പറഞ്ഞത്. അതും ഒരു സൂപ്പർ സ്റ്റാറിന് വേണ്ടിയായിരുന്നു എന്ന് ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.