'അദ്ദേഹത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി'; 800 എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ പിന്മാറ്റത്തെക്കുറിച്ച് മുത്തയ്യ മുരളീധരൻ

'അദ്ദേഹത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി'; 800 എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ പിന്മാറ്റത്തെക്കുറിച്ച് മുത്തയ്യ മുരളീധരൻ

800 എന്ന ചിത്രം ചെയ്യാൻ നടൻ വിജയ് സേതുപതി വളരെയധികം ആ​ഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ മേലുള്ള സമ്മർദ്ദം മനസ്സിലാക്കി താൻ തന്നെയാണ് അദ്ദേഹത്തെ സിനിമയിൽ നിന്നും ഒഴിവാക്കുന്നു എന്ന് പറഞ്ഞതെന്നും ക്രിക്കറ്റർ മുത്തയ്യ മുരളീധരൻ. മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി എം.എസ് ശ്രീപതിയുടെ സംവിധാനത്തിൽ മധുര്‍ മിട്ടർ നായകനാകുന്ന ചിത്രമാണ് 800. ആദ്യം വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച ഈ ചിത്രം തമിഴ് നാട്ടിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശ്രീലങ്കന്‍ തമിഴ് കൂട്ടക്കൊലയെ മുത്തയ്യ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്‌സെയ്ക്ക് അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ അനുകൂലിച്ചു കൊണ്ട് മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജയും വൈരമുത്തവുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിജയ് സേതുപതി മുത്തയ്യ മുരളീധരനായി അഭിനയിക്കരുത് എന്ന് പറ‍‍ഞ്ഞ് നിരവധി രാഷ്ട്രീയക്കാർ പ്രശ്നമുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനെ വരെ ഭീഷണിപ്പെടുത്തിയെന്നും മുത്തയ്യ മുരളീധരൻ സൂം ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുത്തയ്യ മുളീധരൻ പറഞ്ഞത്:

അദ്ദേഹം ഒരിക്കലും മുത്തയ്യ മുരളീധരനായി അഭിനയിക്കരുത് എന്ന് പറഞ്ഞ് കുറച്ച് രാഷ്ട്രീയക്കാർ പ്രശ്നമുണ്ടാക്കി. അവർക്ക് എന്നെ അറിയില്ല. ഒന്നും അറിയാതെ അവർക്ക് എന്തും പ്രചരിപ്പിക്കാം. ഏതാനും രാഷ്ട്രീയക്കാരും സംവിധായകരും എല്ലാവരും അദ്ദേഹത്തോട് ഞാനായി അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം കടുത്ത സമ്മർദ്ദത്തിലാണ് എന്ന് എനിക്ക് തോന്നി. അവർ വിജയ് സേതുപതിയെയും അദ്ദേഹത്തിന്റെ കുടുംബത്തിനെയും ഭീഷണിപ്പെടുത്തി. അക്കാലത്ത് രണ്ടുമൂന്നു ആഴ്ചകളോളം വലിയ വാർത്തയായിരുന്നു അത്. അതിനാൽ, ഞാൻ അദ്ദേഹത്തോട് ചോദിച്ചു, അദ്ദേഹത്തിന് ശരിക്കും ഈ സിനിമ ചെയ്യണം എന്നുണ്ടായിരുന്നു മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞത് ഇത് ഒരു സ്പോർട്ട്സ് മൂവിയാണ്. മറ്റൊന്നുമായി ഇതിന് ബന്ധമില്ല പക്ഷേ ഇത് ഒരു മനുഷ്യനെ സംബന്ധിച്ചുള്ള യഥാർത്ഥ കഥയാണ്. ഒരു നടനെന്ന നിലയിൽ ഞാൻ ഒരാളെ അവതരിപ്പിക്കുകയാണ് ‍അല്ലാതെ അയാളെ പോലെ ആവുകയല്ല എന്ന്.

ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹത്തിന് ധാരാളം പ്രോജക്ടുകൾ ഉണ്ടെന്നും പലരും അവരുടെ പണം അദ്ദേഹത്തിന്റെ മേൽ നിക്ഷേപിച്ചിട്ടുണ്ടെവന്നും പറഞ്ഞു. അദ്ദേഹം ചെറുപ്പമാണ്, രാജ്യത്തിനായും സിനിമയ്ക്കായും കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ട്. അതുകൊണ്ട് ഈ സിനിമ കൊണ്ട് അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ തകർക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ അദ്ദേഹത്തെ പ്രൊജക്റ്റിൽ നിന്ന് ഒഴിവാക്കുകയാണെന്നും സിനിമ ചെയ്യാൻ മറ്റൊരാളെ കണ്ടെത്തുകയാണെന്നും എനിക്ക് വിഷമമൊന്നുമില്ലെന്നും പറഞ്ഞു. എങ്കിലും സിനിമ ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കരുതെന്ന് ഞാൻ പറഞ്ഞു, ഒടുവിൽ, അദ്ദേഹം പ്രോജക്റ്റിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചു. മാധ്യമങ്ങളോട് പോലും അദ്ദേഹം രണ്ട് വാക്കുകൾ മാത്രമാണ് പറഞ്ഞത് (പ്രൊജക്റ്റിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച്) - 'നന്ദി, വണക്കം' എന്ന്. കാരണം ഈ സിനിമ ചെയ്യാൻ കഴിയാത്തതിൽ അദ്ദേഹം നിരാശനായിരുന്നു. അതും വിധിയാണ്. ഞാൻ ഒരു ക്രിക്കറ്ററാകുമെന്നും ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. അത് വിധിയായിരുന്നു. ആ വേഷം ചെയ്യാൻ അദ്ദേഹത്തിന് വിധിയില്ലായിരുന്നു. എന്നാൽ അദ്ദേഹം ഒരു നല്ല നടനാണ്, ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു.

'സ്ലം ഡോഗ് മില്ല്യണേയര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധുര്‍ മിട്ടറാണ് ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി എത്തുന്നത്. ലോക ക്രിക്കറ്റില്‍ വിക്കറ്റുകള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ താരമായ മുത്തയ്യ മുരളീധരന്റെ ആരും പറയാത്ത കഥയാണ് ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്. അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് പൂർത്തിയായത്.

Related Stories

No stories found.
logo
The Cue
www.thecue.in