150 കോടി രജിനികാന്തിന്, റെക്കോർഡ് പ്രതിഫലം വാങ്ങി ലോകേഷ് കനകരാജ്, കൂലിയുടെ മുഴുവൻ ബഡ്ജറ്റ് ഇതാ

150 കോടി രജിനികാന്തിന്, റെക്കോർഡ് പ്രതിഫലം വാങ്ങി ലോകേഷ് കനകരാജ്, കൂലിയുടെ മുഴുവൻ ബഡ്ജറ്റ് ഇതാ
Published on

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. വമ്പൻ ബഡ്ജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന കൂലിയുടെ ബഡ്ജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രജിനികാന്തിന്റെയും ലോകേഷ് കനകരാജിന്റെയും പ്രതിഫലം അടക്കം ഉൾപ്പെടുത്തിയാൽ 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ന്യൂസ് പോർട്ടൽ ആയ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി 150 കോടി രൂപയാണ് രജിനികാന്ത് പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 50 കോടി രൂപയാണ് ലോകേഷ് കനകരാജിന്റെ പ്രതിഫലം. ഒരു സംവിധായകൻ നേടുന്ന റെക്കോർഡ് പ്രതിഫലമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാക്കി വരുന്ന 150 കോടി രൂപയിൽ ചിത്രത്തിന്റെ നിർമാണ ചെലവും മറ്റ് അഭിനേതാക്കളുടെയും ടെക്നീഷ്യൻസിന്റെയും പ്രതിഫലവും ഉൾപ്പെടും. ഇതു കൂടാതെ പ്രമോഷൻ ചെലവുകൾക്കായി 25 കോടി രൂപ വേറെയും നീക്കി വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കൂലിയുടെ ഒടിടി സാറ്റ്ലൈറ്റ് മ്യൂസിക് റൈറ്റുകൾ നേരത്തെ തന്നെ വിറ്റു പോയിട്ടുണ്ടെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം 130 കോടി രൂപയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ടുകൾ, സാറ്റ്ലൈറ്റ് വിൽപ്പനയിലൂടെ 90 കോടിയും, മ്യൂസിക് റൈറ്റ്സിലൂടെ 20 കോടി രൂപയും റിലീസിന് മുന്നേ തന്നെ കൂലി നേടിയിട്ടുണ്ടെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

ഈ ചിത്രത്തിന് പുറമെ ജയിലർ 2 എന്ന സിനിമയും രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം

Related Stories

No stories found.
logo
The Cue
www.thecue.in