തല്ലുമാലയുടെ സെറ്റില്‍ സംഘര്‍ഷം; പൊലീസ് ഇടപെട്ടു

തല്ലുമാലയുടെ സെറ്റില്‍ സംഘര്‍ഷം; പൊലീസ് ഇടപെട്ടു

ടൊവിനോ ചിത്രം തല്ലുമാലയുടെ ഷൂട്ടിങ് സെറ്റില്‍ സംഘര്‍ഷം. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായത്.

സാധനങ്ങൾ ഇറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം സംഘർഷമായി മാറുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഷൂട്ടിങ്ങ് തടസപ്പെടുത്തിയ നാട്ടുകാർ ചലചിത്ര പ്രവർത്തകരെ തടഞ്ഞുവച്ചു. നാട്ടുകാരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപണമുയരുന്നു. തര്‍ക്കത്തിനിടക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സന്ദര്‍ഭം ശാന്തമാക്കി.

‘ഉണ്ട’ എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

Related Stories

No stories found.
logo
The Cue
www.thecue.in