മലയാളത്തിന്റെ ആദ്യ സ്ത്രീ സംവിധായികയ്ക്കു വിട; വിജയ നിര്‍മ്മലയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാലോകം

മലയാളത്തിന്റെ ആദ്യ സ്ത്രീ സംവിധായികയ്ക്കു വിട; വിജയ നിര്‍മ്മലയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാലോകം

അന്‍പത് വര്‍ഷക്കാലത്തോളം സിനിമയുടെ വെള്ളിവെളിച്ചത്തെ പ്രണയിച്ച വിജയ നിര്‍മ്മല വിടപറയുമ്പോള്‍ നഷ്ടമാകുന്നത് 47 സിനിമകള്‍ സംവിധാനം ചെയ്ത് ഇന്ത്യയുടെ അഭിമാനമായി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച പ്രതിഭയെയും മലയാളത്തിലെ ആദ്യത്തെ സ്ത്രീ സംവിധായികയെയുമാണ്.

1971 ലായിരുന്നു തെലുങ്കില്‍ ആദ്യ ചിത്രമായ ‘മീന’ സംവിധാനം ചെയ്യുന്നത്. അടുത്ത ചിത്രത്തിന്റെ ജോലികള്‍ നടക്കവെയാണ് ഐവി ശശിയെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹായത്തോടെ മലയാളത്തില്‍ ‘കവി’ത എന്ന ചിത്രം സംവിധാനം ചെയ്തു. 1973ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നിര്‍മല തന്നെയായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്. അതിലൂടെ മലയാളത്തിലെ ആദ്യത്തെ സ്ത്രീ സംവിധായികയായി നിര്‍മ്മല മാറി. ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്ത്‌പ്പോള്‍ വന്‍ വിജയമായിരുന്നു.

പിന്നീട് സൂപ്പര്‍ താരങ്ങളായ ശിവാജി ഗണേശന്‍, രജനികാന്ത് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കാനും നിര്‍മ്മലയ്ക്കു കഴിഞ്ഞിരുന്നു. ‘ബസാവാഡ ബെബ്ബുലി’ എന്ന ചിത്രത്തിലായിരുന്നു ശിവാജി അഭിനയിച്ചത്. ‘റാം റോബര്‍ട്ട് റഹിം’ എന്ന ചിത്രത്തിലൂടെ രജനിയും വിജയ നിര്‍മലയുടെ ക്യാമറയ്ക്ക് മുന്നിലെത്തി. മറ്റ് ഭാഷാ ചിത്രങ്ങള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തും നിര്‍മ്മല വിജയം നേടി. ഇതില്‍ മലയാളം ചിത്രം ‘യക്ഷഗാന’വും ബോളിവുഡ് ചിത്രം ‘അമര്‍ അക്ബര്‍ ആന്റണി’യും ഉള്‍പ്പെടുന്നു.

1950 ല്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച നിര്‍മല മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1964ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഭാര്‍ഗവി നിലയത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റോസി, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

ബുധനാഴ്ച രാത്രിയായിരുന്നു പ്രായസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നിര്‍മല അന്തരിച്ചത്. എഴുപത്തി മൂന്ന വയസായിരുന്നു ഹൈദരാബാദിലെ സ്വ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ച വിജയ നിര്‍മലയുടെ നിര്യാണത്തില്‍ സിനിമാ ലോകത്തു നിന്നുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ തെലുങ്ക് നടന്‍ നരേഷ് ഈ ബന്ധത്തില്‍ ജനിച്ച മകനാണ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്പനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in