'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ മോഷണം, മൗലിക സൃഷ്ടിയല്ല'; എല്ലാ പുരസ്‌കാരങ്ങളും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിനിമാസംഘടന

'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ മോഷണം, മൗലിക സൃഷ്ടിയല്ല'; എല്ലാ പുരസ്‌കാരങ്ങളും തിരിച്ചെടുക്കണമെന്ന  ആവശ്യവുമായി സിനിമാസംഘടന

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 'ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'നെതിരെ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ(MIC). സിനിമ മോഷണമാണെന്ന് ആരോപണമുണ്ടെന്നും, ചിത്രത്തിന് നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണം എന്നും ആവശ്യപ്പെട്ട് സിനിമാ-സാംസ്‌കാരിക മന്ത്രി സജി ചെറിയാന് സംഘടന പരാതി നല്‍കി.

അവര്‍ഡിന് സമര്‍പ്പിച്ചപ്പോള്‍ ചിത്രത്തിനായി നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനവിരുദ്ധമാണെന്നും ആരോപണമുണ്ട്. സത്യവാങ്മൂലത്തിനു വിരുദ്ധമായി വസ്തുതകള്‍ കണ്ടെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'-ന് നല്‍കിയ സംസ്ഥാന അവാര്‍ഡുകളുകളുള്‍പ്പടെ പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മൈക്ക് സെക്രട്ടറി കെ.പി.ശ്രീകൃഷ്ണനും, പ്രസിഡന്റ് സന്തോഷ് ബാബുസേനനും ചേര്‍ന്ന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം:

'ബഹുമാനപ്പെട്ട കേരള സംസ്ഥാന സിനിമാ സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ മുന്‍പാകെ, മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (MIC) സമര്‍പ്പിക്കുന്ന പരാതി

2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും (മികച്ച നവാഗത സംവിധായകന്‍, നടന്‍, മികച്ച കലാസംവിധായകന്‍) 25-ാമത് IFFKയില്‍ രാജ്യാന്തര ചലച്ചിത്ര നിരൂപകരുടെ സംഘം തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും നേടിയ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്ന മലയാള സിനിമ മോഷണമാണ് എന്ന ആരോപണം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ 'റോബോട്ട് ആന്റ് ഫ്രാങ്ക് ' എന്ന അമേരിക്കന്‍ ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി പകര്‍ത്തിയാണ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' ചെയ്തതെന്നാണ് ആരോപിക്കപ്പെടുന്നത്. രണ്ട് സിനിമകളും കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഈ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുകയും സിനിമകളുടെ സാദൃശ്യം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ MIC രൂപീകൃതമായ അന്നുമുതല്‍ ആര്‍ജ്ജവമായ സിനിമാനിര്‍മ്മാണത്തിനും പക്ഷപാതരഹിതവും നീതിപൂര്‍വവുമായ ചലച്ചിത്രഅവാര്‍ഡിനും ഫെസ്റ്റിവലിനും വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്ന സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണം മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) ഗൗരവത്തോടെയാണ് കാണുന്നത്. കാരണം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഫിപ്രസി അവാര്‍ഡും നേടിയതും ദേശീയ-അന്തര്‍ദേശീയ സിനിമാ പ്രേക്ഷകര്‍ പങ്കെടുക്കുന്ന IFFK പോലെയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്ത സിനിമയ്‌ക്കെതിരെയാണ് ഈ പരാതി . സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെയും IFFKയുടെയും സംഘാടന ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് ഈ പ്രശ്‌നത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ചലച്ചിത്ര അവാര്‍ഡിനും IFFKയ്ക്കും സിനിമകള്‍ സമര്‍പ്പിക്കുമ്പോള്‍ സൃഷ്ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. സത്യവാങ്മൂലം എഴുതി വാങ്ങുന്നു എന്നല്ലാതെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും അക്കാര്യത്തില്‍ നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്. പ്രത്യേകിച്ച് അവാര്‍ഡുകള്‍ക്കും ചലച്ചിത്ര മേളകള്‍ക്കും വേണ്ടി സെലക്ട് ചെയ്യപ്പെടുന്ന സിനിമകള്‍ പോലും ആ രീതിയില്‍ പരിശോധിക്കപ്പെടുന്നില്ല എന്നത് ചലച്ചിത്ര അക്കാദമിയുടെ കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നത്. അക്കാദമിയുടെ ഈ അലംഭാവം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും IFFK എന്ന രാജ്യാന്തര പ്രശസ്തിയുള്ള ഒരു ചലച്ചിത്ര മേളയ്ക്കും കളങ്കമായിത്തീരുകയാണ്. ഈ സിനിമ ആഘോഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ , സര്‍ഗ്ഗപരമായ നിരവധി പ്രക്രിയകളിലൂടെ കടന്നുകൊണ്ട് ആത്മാര്‍ത്ഥമായി സിനിമ എടുക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ മനോവീര്യത്തെയാണ് ബാധിക്കുന്നത് . കേരളത്തിന്റെ ചലച്ചിത്രരംഗത്തിന് നാണക്കേടുണ്ടാക്കുന്ന ഈ സാഹചര്യം ഭാവിയില്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍, പൊതു ഖജനാവിലെ പൈസ ഉപയോഗിച്ച് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുമ്പോള്‍ അതിനുവേണ്ട വിശ്വാസ്യത പാലിക്കുന്നതിനുവേണ്ടി ഞങ്ങള്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ ബഹു. മന്ത്രിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു

1 . ഓരോ സീനുകളും പകര്‍ത്തിവെക്കപ്പെട്ട 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്ന സിനിമ എന്ത് അടിസ്ഥനത്തില്‍ മൗലികമാണ് എന്ന് ചലച്ചിത്ര അക്കാദമി വിശദീകരിക്കുക

2. സത്യവാങ്മൂലത്തിനു വിരുദ്ധമായി വസ്തുതകള്‍ കണ്ടെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' നു നല്‍കിയ സംസ്ഥാന അവാര്‍ഡുകളും ഫിപ്രസി പുരസ്‌കാരവും IFFK ഗ്രാന്‍ഡും പിന്‍വലിക്കുക.

3. നിലവിലെ സത്യവാങ്മൂലം മതിയാവാത്ത സാഹചര്യത്തില്‍ മൗലികമല്ലെങ്കില്‍ അവാര്‍ഡ് തിരികെ വാങ്ങുമെന്ന നിബന്ധനയും വരും വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തുക.

അത്തരത്തിലുള്ള പരിശോധനകള്‍ക്കു ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സുതാര്യമാക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കണമെന്നും മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) അഭ്യര്‍ത്ഥിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in