'പൊറാട്ട് നാടകത്തിന്റെ തിരക്കഥ തട്ടിയെടുത്തതെന്ന് പരാതി, നിഷേധിച്ച് അണിയറക്കാർ' ; ചിത്രത്തിന് സ്റ്റേ

'പൊറാട്ട് നാടകത്തിന്റെ തിരക്കഥ തട്ടിയെടുത്തതെന്ന് പരാതി, നിഷേധിച്ച് അണിയറക്കാർ' ; ചിത്രത്തിന് സ്റ്റേ

സൈജു കുറുപ്പ് നായകനായി സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം എന്ന ചിത്രത്തിന് സ്റ്റേ. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിങ്ങിനും 30/10/2023ന് എറണാകുളം ഫസ്റ്റ് അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. എൽ എസ് ഡി പ്രൊഡക്ഷൻസിന്റെ ഉടമ അഖിൽ ദേവിന്റെ പരാതിയിലാണ് നടപടി.

എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റെ ‘ശുഭം’ എന്ന തിരക്കഥയാണ് പൊറാട്ട് നാടകമായി മാറിയതെന്നും വർഷങ്ങൾക്ക് മുൻപേ എഗ്രീമെന്റോട് കൂടെ തനിക്ക് കൈമാറിയതാണ് എന്ന് അഖിൽ ദേവ് പറയുന്നു. ആ സമയത്ത് തന്നെ സൈജു കുറുപ്പിനോട് അത് സിനിമ ചെയ്യാൻ സംസാരിച്ചിരുന്നു. പൊറോട്ട് നാടകത്തിൽ അഭിനയിക്കുന്നവരിൽ നിന്ന് ഇത് തന്റെ കഥ തന്നെയാണെന്ന് ഉറപ്പിച്ചിട്ടാണ് പരാതി നൽകിയതെന്ന് അഖിൽ ദേവ് ദ ക്യുവിനോട് പറഞ്ഞു. എന്നാൽ അഖിൽ ദേവുമായിട്ടോ അയാളുടെ കഥയുമായിട്ടോ യാതൊരു ബന്ധവും ചിത്രത്തിനില്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട് പറയുന്നു. പരാതിക്കാർ ക്ലെയിം ചെയ്യുന്നത് അവർ സൈജു കുറുപ്പിനോട് പറഞ്ഞ കഥായാണ് ഇതെന്നാണ്. പക്ഷെ സൈജു പറയുന്നത് അവരുടെ സ്ക്രിപ്റ്റ് താൻ ചെയ്യാമെന്ന് പറഞ്ഞിരുന്നു എന്നാണ്. വ്യത്യാസമുള്ള കഥയായിരിക്കുമല്ലോ ഇല്ലെങ്കിൽ രണ്ടും ചെയ്യാമെന്ന് അദ്ദേഹം പറയില്ലലോയെന്നും സുനീഷ് ചോ​ദിക്കുന്നു.

അഖിൽ ദേവ് പറഞ്ഞത് :

വിവിയന്റെ കയ്യിൽ നിന്ന് 2018ൽ ആണ് ശുഭത്തിന്റെ സിനോപ്സിസ് കിട്ടി എഗ്രിമെന്റ് ആയി എഴുതി വാങ്ങിയത്. അതിന് ശേഷം പൈസ ഞാൻ ചിലവാക്കി വിവിയൻ അത് ഡെവലപ്പ് ചെയ്യുകയും അതിന്റെ രണ്ട് വേർഷൻ ഉണ്ടാക്കി അതിലൊരു വേർഷൻ സൈജു കുറുപ്പിന് അയച്ചുകൊടുക്കുകയും ചെയ്തു. അതിന് ശേഷം ആ സിനിമ ഞാനൊന്ന് ഹോൾഡ് ചെയ്തു വച്ചിരിക്കുന്നു. സിനിമക്കായി ആദ്യം അപ്പ്രോച്ച് ചെയ്തത് സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ എന്നിവരെയായിരുന്നു. അർജുൻ താൽപര്യമില്ലാത്തത് കൊണ്ട് മാറി, വിവിയൻ തന്നെയാണ് ബാക്കി രണ്ടുപേരെയും പോയി മീറ്റ് ചെയ്തത്. ഞാൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവർക്ക് രണ്ടു പേർക്കും അറിയില്ലായിരുന്നു. പക്ഷെ എന്റെ കോൺടാക്ട് വച്ചാണ് എല്ലാവരെയും കണക്ട് ചെയ്ത് കൊടുത്തത്. പൊറാട്ട് നാടകം എന്ന സിനിമയുടെ ടീമിന് ഞാൻ ലീഗൽ നോട്ടീസ് അയച്ചിരുന്നു. അവരുടെ ഭാഗത്ത് നിന്ന് വന്ന റെസ്പോൺസ് ഞങ്ങളുടെ കഥ വേറെയാരോടും പറഞ്ഞിട്ടില്ല, അതുകൊണ്ട് ഇത് നിങ്ങളുടേതാണെന്ന് ഉറപ്പിക്കാൻ പറ്റില്ലെന്നാണ്.. പക്ഷെ നമുക്ക് ആ സിനിമയിൽ അഭിനയിച്ചവരിൽ നിന്നും ബാക്കിയുള്ളവരിൽ നിന്നും നമ്മുടെ സ്ക്രിപ്റ്റ് തന്നെയാണത് എന്നുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റേ കൊടുത്തിരിക്കുകയാണ് ഇനി കക്ഷികൾക്കെല്ലാം നോട്ടീസ് കോടതിയുടെ ഭാഗത്തുനിന്ന് പോകും. ഇനി കോടതി സിനിമ കണ്ടിട്ട് അവർ തീരുമാനിക്കട്ടെ.

സുനീഷ് വാരനാട്‌ പറഞ്ഞത് :

ഒരു മാസം മുൻപാണ് ഞങ്ങൾക്ക് വക്കീൽ നോട്ടീസ് വരുന്നത്. അവർ ക്ലെയിം ചെയ്യുന്നത് അവർ സൈജു കുറുപ്പിനോട് പറഞ്ഞ കഥയാണ് എന്നാണ്. പക്ഷെ സൈജു പറയുന്നത് അവരുടെ സ്ക്രിപ്റ്റ് താൻ ചെയ്യാമെന്ന് പറഞ്ഞിരുന്നു എന്നാണ്. അപ്പോൾ മൊത്തത്തിൽ വ്യത്യാസമുള്ള കഥയായിരിക്കുമല്ലോ ഇല്ലെങ്കിൽ രണ്ടും ചെയ്യാമെന്ന് പറയില്ലല്ലോ. വക്കീൽ നോട്ടീസ് വന്നപ്പോൾ സൈജു അവരെ വിളിച്ചപ്പോൾ വിവിയൻ രാധാകൃഷ്‍ണൻ ഫോണെടുത്തില്ല. അപ്പോൾ സൈജു മെസ്സേജ് അയച്ച് വളരെ ഡിഫറെൻറ് ആയിട്ടുള്ള കഥയാണ് ഇത്, നിങ്ങൾ പറഞ്ഞ കഥയുമായി യാതൊരു ബന്ധവുമില്ല പിന്നെ എന്തിനാണ് നിങ്ങൾ വകീൽ നോട്ടീസ് അയച്ചതെന്ന് ചോദിച്ചു. പക്ഷെ അവരതിന് മറുപടി നൽകിയില്ല. ഞങ്ങൾ അന്നത്തെ വക്കീൽ നോട്ടീസിന് മറുപടി നല്കിയിട്ടുണ്ടായിരുന്നു. ഇത് 2019 കോവിഡിന്റെ സമയത്ത് ഓണപ്പരിപാടി മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ ചെയ്യുമ്പോൾ സിദ്ധിഖ് സാർ ആയിരുന്നു അതിന്റെ സംവിധായകൻ. അന്ന് സിദ്ധിഖ് സാറിനോട് ഞാൻ പറഞ്ഞ കഥയാണിത്. അന്ന് സാർ ഇത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ സാറാണ് ഈ കഥ സെലക്ട് ചെയ്യുന്നതും പിന്നീട് പ്രൊഡക്ഷൻ സൈഡ് സെറ്റ് ചെയ്യുന്നതും സാറിന്റെ അസ്സോസിയേറ്റ് ആയിരുന്ന ആളാണ് ഇത് സംവിധാനം ചെയ്തതും. അതുകൊണ്ടു തന്നെ നമുക്ക് ഈ പരാതിക്കാരുടെ യാതൊരു അറിവോ ബന്ധമോ ഇല്ല. ഞാൻ ഇത് കേട്ടിട്ട് ഞെട്ടി ഇരിക്കുകയാണ്. സൈജുവിനോട് പാപ്പച്ചൻ ഒളിവിലാണിന്റെ സമയത്താണ് ഈ കഥ പറയുന്നത്. സൈജു കഥക്ക് ഒരു അഡിഷൻസും വരുത്തിയിട്ടില്ല കാരണം സിദ്ധിഖ്‌ സാർ സൂപ്പർവൈസ് ചെയ്ത സ്ക്രിപ്റ്റിന് പിന്നെ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ലല്ലോ. ഞങ്ങൾ നിയമനടപടികളുമായി മുന്നോട്ട്പോകും. ശുഭം എന്ന സിനിമയെപ്പറ്റി ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്. ഞാനീ കഥയുണ്ടാക്കിയത് ഒരു പത്രവാർത്തയിൽ നിന്നാണ്. പൊറാട്ട് നാടകം അവതരിപ്പിക്കുന്ന ഒരാളുടെ ജീവിതകഥയാണീ സിനിമ.

എമിറേറ്റ്സ് പ്രോഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമിക്കുന്ന പൊറാട്ട് നാടകത്തിൽ സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, രാഹുൽ മാധവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാഹുൽ രാജ് സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in