
കണ്ടം ക്രിക്കറ്റ് കളിയും അതിനെ ചുറ്റിപ്പറ്റിയുള്ള തമാശകളുമായി 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ജനുവരി 3 മുതൽ തിയറ്ററുകളിൽ. സിനിമ തിയറ്ററുകളിൽ ചിരിപടർത്തുമെന്ന് മുൻപേ പുറത്തുവിട്ട ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. ചിത്രത്തിലേതായി പുറത്തുവിട്ട 'അരികിലായി' കെ എസ് ചിത്ര ആലപിച്ച ഗാനവും ഹൃദയഹാരിയായ ഒരു കഥയായിരിക്കും സിനിമയുടേതെന്ന് ഉറപ്പു തരുന്നുണ്ട്. നാട്ടിൻ പുറത്തെ കണ്ടം ക്രിക്കറ്റ് കളി എങ്ങനെ ഒരു കുടുംബത്തിനകത്ത് പ്രശ്നങ്ങളും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന് രസകരമായി പറയുകയാണ് ചിത്രത്തിൽ.
സക്കറിയ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. വൈറസ്, തമാശ എന്നീ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങൾക്ക് ശേഷം സക്കരിയ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സക്കരിയക്കൊപ്പം അഭിനേതാക്കളുടെ വലിയ നിര തന്നെയുണ്ട്. കണ്ടം ക്രിക്കറ്റ് കളിക്കിടെയിലെ തർക്കവും അപ്പയുടെ ക്രിക്കറ്റ് കമ്പത്തെക്കുറിച്ചുള്ള മക്കളുടെ സംസാരവും രസകരവും വിചിത്രവുമായ കളി നിയമങ്ങളെക്കുറിച്ചുമെല്ലാം ട്രെയിലറിൽ കാണാം. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
ഹരിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സക്കറിയയ്ക്ക് പുറമേ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമായ ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ജനുവരി മൂന്നിനാണ് റിലീസ്.
നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്. പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, വസ്ത്രാലങ്കാരം- ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി., ആർട്ട്സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി. സദർ, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി.എഫ്.എക്സ്.- എഗ്ഗ് വൈറ്റ് വി.എഫ്.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, ഡി.ഐ.- മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ- യെല്ലോ ടൂത്ത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.