ആദ്യം ദിനം 13 കോടി, റെക്കോര്‍ഡ് ഓപ്പണിങ്ങുമായി 'ഓപ്പണ്‍ഹൈമര്‍'; ഇന്ത്യയ്ക്ക് പുറത്ത് മുന്നില്‍ 'ബാര്‍ബി'

ആദ്യം ദിനം 13 കോടി, റെക്കോര്‍ഡ് ഓപ്പണിങ്ങുമായി 'ഓപ്പണ്‍ഹൈമര്‍'; ഇന്ത്യയ്ക്ക് പുറത്ത് മുന്നില്‍ 'ബാര്‍ബി'

ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജന്‍ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമര്‍ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ആഗോള തലത്തില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം ടോം ക്രൂയിസിന്റെ മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ആദ്യ ദിന കളക്ഷനെ മറികടന്നു എന്നാണ് വിവരം. കണക്കുകള്‍ പ്രകാരം 13.50 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഓപ്പണ്‍ഹൈമര്‍ നേടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ദിന കളക്ഷന്‍ ഏകദേശം 12 കോടി രൂപയായിരുന്നു. ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

ഹോളിവുഡ് ചിത്രങ്ങളായ ഓപ്പണ്‍ഹൈമറും ബാര്‍ബിയും തമ്മില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റുമുട്ടലാണ് സൃഷ്ടിക്കുന്നത്. ബാര്‍ബന്‍ഹൈമര്‍ എന്നാണ് മാധ്യമങ്ങള്‍ ഇരു സിനിമകളുടെയും ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ബാര്‍ബി ആദ്യ ദിനത്തില്‍ നേടിയത് 4.25-4.50 കോടിയോളം രൂപയാണ് എന്നാണ് വിലിയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വ്യത്യസ്തമായി ആഗോളതലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ഗ്രേറ്റ ഗെര്‍വിക്കിന്റെ ബാര്‍ബിയാണ്. അന്താരാഷ്ട്ര വിപണിയില്‍ 41.4 മില്യണ്‍ ഡോളറാണ് ബാര്‍ബി നേടിയത്. എന്നാല്‍ കിലിയന്‍ മര്‍ഫിയുടെ 'ഓപ്പണ്‍ഹൈമര്‍' അതിന്റെ 57 വിപണികളില്‍ നിന്ന് നേടിയത് 15.7 മില്യണ്‍ യുഎസ് ഡോളറും.

രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കയുടെ വിജയത്തിനായി ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ സൃഷ്ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമയുടെ പ്രമേയം. പൂര്‍ണ്ണമായും 70 എംഎം ഐമാക്‌സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ സിനിമയാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. ചിത്രത്തില്‍ സി ജി ഐ ഷോട്ടുകളില്ലെന്ന് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ യു എസ് എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടല്‍ ആയ കൊളൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 1945-ല്‍ ന്യൂ മെക്സിക്കോയിലെ മരുഭൂമിയില്‍ നടന്ന ന്യൂക്ലിയര്‍ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പണ്‍ഹൈമര്‍ ടീം പൂര്‍ണ്ണമായും സി ജി ഐ ഇല്ലാതെയാണ് പുനഃസൃഷ്ടിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in