'മലയാള സിനിമയ്ക്ക് ഇപ്പോൾ സംഭവിക്കുന്നത് മാജിക്കല്ല, ഇതെല്ലാം സൈക്കിളിന്റെ ഭാഗമാണ്': ചിദബരം

'മലയാള സിനിമയ്ക്ക് ഇപ്പോൾ സംഭവിക്കുന്നത് മാജിക്കല്ല, ഇതെല്ലാം സൈക്കിളിന്റെ ഭാഗമാണ്': ചിദബരം
Published on

മലയാള സിനിമയിൽ ഇപ്പോൾ സംഭവിക്കുന്നത് മാജിക്കല്ലെന്ന് സംവിധായകൻ ചിദംബരം. നൂറോളം സിനിമകൾ ഒരു വർഷം പുറത്തിറങ്ങുന്ന ഇൻഡസ്ട്രിയാണ് മലയാളം. അതിൽ 10 സിനിമകൾ മാത്രമാണ് പാൻ ഇന്ത്യൻ എന്ന നിലയിൽ ചർച്ച ചെയ്യപ്പെടുക. എല്ലാ ഇൻഡസ്ട്രികളും ഇതുപോലൊക്കെയാണ്. അടുത്ത വർഷം ചിലപ്പോൾ മറ്റു ഭാഷയിലുള്ള സിനിമകളായിരിക്കാം ചർച്ച ചെയ്യപ്പെടുക. സൈക്കിളിന്റെ ഭാഗമാണ് ഇപ്പോൾ മലയാളത്തിൽ സംഭവിക്കുന്നതെന്ന് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകരുടെ റൌണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു ചിദബരം.

ചിദംബരം പറഞ്ഞത്:

വിജയിച്ച പത്ത് സിനിമകൾ മാത്രമായിരിക്കും നിങ്ങൾ കണ്ടിട്ടുണ്ടാകുക. നൂറോളം സിനിമകൾ ഒരു വർഷം റിലീസാകുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളം. വളരെ ചെറിയ ഒരു സ്ഥലത്ത് നിന്നാണ് നൂറു സിനിമകൾ വരുന്നത്. സസ്‌റ്റൈനബിളായ ഒരു മോഡലായി ഇതിനെ കാണാനാകില്ല. സിനിമ ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയാനും കഴിയില്ല. ഇതിൽ തന്നെ 10 സിനിമകളായിരിക്കും നന്നായി വരിക. എല്ലാ ഇന്ടസ്ട്രികളും ഇതുപോലൊക്കെയാണ്. ഒരു സൈക്കിളിലൂടെയാണ് കടന്നു പോകുന്നത്. അടുത്ത വർഷം തമിഴായിരിക്കാം ശ്രദ്ധിക്കപ്പെടാൻ പോകുന്നത്. കന്നഡയോ ഹിന്ദിയോ ആകാം. ഇതൊരു സൈക്കിളാണ്. അല്ലാതെ ഇതിൽ മാജിക്ക് ഒന്നുമില്ല.

മലയാളത്തിൽ സിനിമകൾ ചെയ്യുന്നതും ബുദ്ധിമുട്ടാണ്. സപ്പോർട്ട് തന്ന നിർമ്മാതാക്കളാണ് എന്റെ ഭാഗ്യം. എന്റെ രണ്ട് സിനിമകളിലും വലിയ സപ്പോർട്ട് നിർമ്മാതാക്കളിൽ നിന്നുണ്ടായി. എന്റെ രണ്ടാമത്തെ സിനിമയിൽ സൗബിനായിരുന്നു നിർമ്മാതാവ്. ബഡ്ജറ്റിന്റെ 40% ചിലവായത് സിനിമയിലെ ഗുഹയ്ക്ക് വേണ്ടിയായിരുന്നു. സിനിമയുടെ തുടക്കം മുതലേ സൗബിൻ ഒപ്പമുണ്ടായിരുന്നു.

മഞ്ഞുമ്മൽ ബോയ്സിലൂടെ ഭാഷയുടെ അതിർ വരുമ്പുകൾ താണ്ടിയുള്ള വൻ വിജയത്തിന് ശേഷം ചിദംബരം ഹിന്ദിയിൽ ഫാൻ്റം സ്റ്റുഡിയോസുമായും തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സിലുമായും സിനിമകൾ ചെയ്യാൻ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇനി വരാനിരിക്കുന്ന തന്റെ ചിത്രം മനുഷ്യ വികാരങ്ങളെക്കുറിച്ചുള്ള ചിത്രമായിരിക്കുമെന്നും വയലൻസിന്റെ ഒരു അനാട്ടമിയാണ് താൻ അതിൽ എക്സ്പ്ലോർ ചെയ്യാൻ പോകുന്നതെന്നും മുമ്പ് ചിദംബരം പറഞ്ഞിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിയത് ഈ വർഷമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in