വിജയ് സേതുപതി സംഭാഷണമെഴുതിയ സിനിമ, മലയാളി സംവിധായകന്റെ ചെന്നൈ പളനി മാര്‍സ്
മലയാളിയായ ബിജു വിശ്വനാഥ് സംവിധാനം ചെയ്ത ചെന്നൈ പളനി മാര്‍സ് എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. വിജയ് സേതുപതിയെ നായകനാക്കി 2015ല്‍ പുറത്തിറങ്ങിയ 'ഓറഞ്ച് മിഠായി' എന്ന സിനിമയ്ക്ക് ശേഷം ബിജു വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയാണ് ചെന്നൈ പളനി മാര്‍സ്. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ ഒരു വൃദ്ധന്റെ വേഷത്തിലായിരുന്നു സേതുപതിയെത്തിയത്.
ചെന്നൈ പളനി മാര്‍സിന്റെ സംഭാഷണ രചന വിജയ് സേതുപതിയാണ്. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയ് സേതുപതി തന്നെയാണ് നിര്‍മ്മാണം. ക്യാമറയും ചിത്രസംയോജനവും സംവിധായകന് തന്നെ നിര്‍വഹിക്കുന്നു. പ്രവീണ്‍ രാജ, രാജേഷ് ഗിരിപ്രസാദ്, എ രവികുമാര്‍, മദന്‍കുമാര്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് അഭിനേതാക്കള്‍. നാല് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം ബിജു വിശ്വനാഥും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചെന്നൈ പളനി മാര്‍സ്.
ഹ്യൂമര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. ചൊവ്വയിലേക്ക് പോകാമെന്ന വിശ്വാസത്തോടെ ചെന്നൈയില്‍ നിന്ന് പഴനിയിലേക്ക് രണ്ട് യുവാക്കള്‍ നടത്തുന്ന യാത്രയാണ ്ചിത്രത്തിന്റെ ഇതിവൃത്തം.