

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ ടീസർ പുറത്തുവിട്ടു. ഏറെ രസകരവും അതിനൊപ്പം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായിരിക്കും ഈ ചിത്രം എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. അടുത്ത വർഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നവാഗതനായ അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈത് ജീത്തു ജോസഫ്, രാജീവ് രവി എന്നിവരുടെ സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു.
ഈ ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാർ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നു. പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
എഡിറ്റർ- പ്രവീൺ പ്രഭാകർ, ബി ജി എം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്- സുനിൽ ദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.