
തന്റെ അച്ഛനെ അനുകരിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കിൽ തികച്ചും യാഥൃശ്ചികം മാത്രമാണെന്നും ചന്തു സലിം കുമാർ. സലിം കുമാറിന്റെ മകൻ എന്ന അമിതഭാരം കരിയറിൽ അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നും അച്ഛനുമായി തന്നെ താരതമ്യം ചെയ്യാൻ നിൽക്കരുത് എന്നും ചന്തു സലിം കുമാർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ചന്തു സലിം കുമാറിന്റെ വാക്കുകൾ
അച്ഛന്റെ മാനറിസങ്ങൾ മനപ്പൂർവ്വം ചെയ്യുന്നതല്ല, ചെയ്ത് വന്നതിന് ശേഷമാണ് ഇത്തരമൊരു കണക്ഷൻ ഉണ്ടല്ലോ എന്ന് എനിക്ക് പോലും തോന്നിയത്. അപ്പോൾ ഞാൻ സംവിധായകനോട് പല തവണ ചോദിക്കും, ഓക്കേ ആണോ എന്ന്. പുള്ളി ഓക്കെയാണ് എന്ന് പറയുകയും ചെയ്യും. ഡൊമിനിക് അരുണിന്റെ ഒരു ശൈലി എങ്ങനെയാണ് എന്നുവെച്ചാൽ, പുള്ളിക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞാൽ, കട്ട് പറയുന്നതിനൊപ്പം നൈസ് എന്നും കൂടി പറയും. ചിലപ്പോൾ നൈസ് പറഞ്ഞ് വീണ്ടും ചെയ്യിക്കും. അത് നമ്മുടെ അടുത്ത് നിന്നും പുതിയത് എന്തെങ്കിലും കിട്ടാൻ വേണ്ടിയാണ്. ഒരെണ്ണം കഴിഞ്ഞ് പുള്ളിക്ക് വേണ്ടത് മറ്റേതെങ്കിലും ആണെങ്കിൽ, എടാ, നിന്റെ കയ്യിൽ വേറൊരു സാധനം ഇല്ലേ, അത് ഇട്.. എന്നൊക്കെ പറയും. അതൊക്കെ കേൾക്കുമ്പോഴാണ്, നമുക്ക് ഇത്രയും കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നൊരു വിശ്വാസം പോലും എനിക്ക് വരാറുള്ളത്. അച്ഛനുമായി രൂപസാദൃശ്യം ഉള്ളതുകൊണ്ടുതന്നെ എന്നെ അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങളുമായി താതരമ്യം ചെയ്യുന്നുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, എങ്ങനെയൊക്കെയോ തട്ടീം മുട്ടീം പോവുകയാണ്, ഉപമിച്ച് ഉപദ്രവിക്കരുത് എന്നേ പറയാനുള്ളൂ.