
മാലിക്കിൽ അഭിനയിക്കാൻ പോകുന്ന നേരത്ത് അച്ഛൻ മഹേഷ് നാരായണനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പ്രാങ്ക് ചെയ്തിരുന്നുവെന്ന് ചന്തു സലിം കുമാർ. മഹേഷ് ഭയങ്കര ദേഷ്യക്കാരനാണ്. ഫഹദ് ഫാസിലിനെ വരെ തെറി വിളിച്ചിട്ടുണ്ട്. എടയ്ക്ക് എന്നെയും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്ന്. ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര ടെൻഷനായി എന്നും പിന്നീട് സംഭവിച്ചത് എന്തൊക്കെയാണെന്നും ചന്തു ക്യു സ്റ്റുഡിയോയോട് പറയുന്നു.
ചന്തു സലിം കുമാറിന്റെ വാക്കുകൾ
സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ ആളെ വേണം എന്നുപറഞ്ഞ് ഒരു കാസ്റ്റിങ് കോൾ മാലിക്കിന്റെ ടീം പുറത്തിറക്കിയിരുന്നു. ഞാൻ അതിലേക്ക് അപ്ലൈ ചെയ്തു. ഷോട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് ചിലർ പറയുന്നത് സലീമേട്ടന്റെ മകൻ ഉണ്ടല്ലോ, അവനെ അഭിനയിപ്പിച്ചാൽ പോരേ എന്ന്. അങ്ങനെ പല ദിക്കിൽ നിന്നും എന്റെ പേര് അവിടെയെത്തിയപ്പോൾ മഹേഷ് നാരായണൻ എന്നെ ലൊക്കേഷനിലേക്ക് വിളിപ്പിച്ചു.
അവിടേക്ക് പോകും മുമ്പ് അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞു. മഹേഷ് ഭയങ്കര ദേഷ്യക്കാരനാണ്. ഫഹദ് ഫാസിലിനെ വരെ തെറി വിളിച്ചിട്ടുണ്ട്. എടയ്ക്ക് എന്നെയും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്ന്. ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര ടെൻഷനായി. സിനിമയിൽ വന്ന് പോയിക്കൊണ്ടിരിക്കുന്ന എനിക്ക് ഫുൾ സ്ക്രിപ്റ്റും തന്ന് അദ്ദേഹം വളരെ സൗമ്യമായാണ് എന്നോട് സംസാരിച്ചത്. രണ്ടാമത്തെ ടേക്കിൽ ഓക്കേ ആവുകയും ചെയ്തു. പക്ഷെ, പുള്ളി ദേഷ്യപ്പെടുന്നത് മാത്രം ഞാൻ കണ്ടില്ല. സംസാരിച്ചപ്പോഴും ദേഷ്യക്കാരനല്ല എന്നുതന്നെയാണ് തോന്നിയത്. പിന്നെയാണ് മനസിലായത് അച്ഛൻ എന്നെ പ്രാങ്ക് ചെയ്തതാണ് എന്ന്. എന്നോട് പറഞ്ഞ കാര്യങ്ങൾ മാറിപ്പോകാതിരിക്കാൻ പ്രൊഡക്ഷനിലെ ചേട്ടന്മാരോടും ഇങ്ങനെ പറയണം എന്ന് അച്ഛൻ വിളിച്ച് പറഞ്ഞിരുന്നു. ആറാം ക്ലാസിൽ അവസാനമായി അഭിനയിച്ച ഞാൻ 18 വയസ് കഴിഞ്ഞാണ് ഇപ്പോൾ അഭിനയിക്കാൻ വരുന്നത്. അപ്പോൾ എന്നെ പേടിപ്പിച്ച് വിട്ട ആളാണ് അച്ഛൻ.