ലുക്മാനെ നായകനാക്കുന്നത് അഹങ്കാരമല്ല, അഭിമാനമാണ്: തരുണ്‍ മൂര്‍ത്തി

ലുക്മാനെ നായകനാക്കുന്നത് അഹങ്കാരമല്ല, അഭിമാനമാണ്: തരുണ്‍ മൂര്‍ത്തി

അടുത്ത സിനിമയില്‍ ലുക്മാനെ നായകനാക്കുന്നത് അഹങ്കാരമാണെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയുമായി തരുണ്‍ മൂര്‍ത്തി. ലുക്മാനെ നായകനാക്കുന്നത് അങ്കാരമല്ല മറിച്ച് അഭിമാനമാണെന്ന് നടനെ പ്രശംസിച്ചുകൊണ്ട് തരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകര്‍ ലുക്മാന്‍ എന്ന നടനിലേക്ക് അടുക്കുന്നത് കാണുമ്പോള്‍ സന്തോഷമാണെന്നും പോസ്റ്റില്‍ പറയുന്നു. തല്ലുമാലയില്‍ നേടിയ പ്രശംസകളുടെയും പ്രേക്ഷക സ്വീകരണത്തിന്റെയും പശ്ചാത്തലത്തിലെഴുതിയ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയില്‍ ലുക്മാനായിരുന്നു നായകന്‍. ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ സിനിമ വലിയ വിജയമായിരുന്നു. അതിന് ശേഷം ഇറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന സിനിമയിലും ലുക്മാന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിനെതിരേ ചോദ്യങ്ങളുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ലുക്മാന് എതിരെയും സോഷ്യല്‍ മീഡിയകളിലെല്ലാം സൈബര്‍ ബുള്ളിയിങ് വ്യാപകമായി നടന്നിരുന്നു. അതിനെയെല്ലാം മറികടക്കും നിലയിലാണ് ഓപ്പറേഷന്‍ ജാവക്കു ശേഷം തല്ലുമാലയിലും നടന്‍ നേടിയെടുക്കുന്ന പ്രേക്ഷക സ്വാധീനം. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനിലും, നായകനെക്കാള്‍ ഒരുപടി മുകളിലെ സഹനടനിലും എത്തി നില്‍ക്കുന്ന ലുക്മാന്റെ യാത്ര യാതൊരു വിശേഷാധികാരവുമില്ലാതെ സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രചോദനമാണ്.

ലുക്മാന് പുറമെ, ബിനു പപ്പു, ഗോകുലന്‍, രമ്യ സുരേഷ്, നില്‍ജ, ധന്യ, സജീദ് പട്ടാളം, വിന്‍സി, റിയ സൈറ, പ്രമോദ് വെളിയനാട്, സുജിത് ശങ്കര്‍ എന്നിവരെയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് അവര്‍ പ്രേക്ഷരെ അത്ഭുതപ്പെടുത്തുന്നത് എന്നാണ് തരുണ്‍ അഭിപ്രായപ്പെട്ടത്.

'ലുക്മാന്‍ എന്ന നടനിലേക്ക് പ്രേക്ഷകര്‍ അടുക്കുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും ആവേശമുണ്ട്. ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്‌തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല.. നടനാകാന്‍ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.

പണ്ട് ഒരുമിച്ച് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ആദ്യ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവനേ നായകന്മാരില്‍ ഒരാളാക്കാന്‍ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല..

അത് എന്തിനാണെന്നും അറിയില്ല... ഓപ്പറേഷന്‍ ജാവയില്‍ വിനയ ദാസന്‍ ആയി കൂടെ കൂട്ടുമ്പോള്‍ ഞങ്ങള്‍ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണ് എന്ന്' തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റില്‍ പറയുന്നു.

ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേര്‍ന്ന മുഖങ്ങള്‍ കണ്ടെത്താന്‍ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാന്‍ പറ്റുന്നത്... അതിന്റെ ഓരോ പുരോഗതിയും കാണാന്‍ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങള്‍ക്ക് കച്ചവടം മാത്രമല്ല.. കലയും കൂടിയാണെന്ന് തരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നില്‍ജയും, ധന്യയും, സജീദ് പട്ടാളവും, വിന്‍സിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം അസാമാന്യ ജീവിതാനുഭവമുള്ളവരാണ്... ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്‌ക്രീനില്‍ അവര്‍ നിങ്ങളെ അത്ഭുതപെടുത്തുന്നത്...

ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാന്‍ നീ.നടന്നു തീര്‍ത്ത വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം,..

പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്... നമ്മളേപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേര്‍ക്കുള്ള പ്രതീക്ഷയുടെ വാതില്‍ എന്നാണ് പോസ്റ്റില്‍ സംവിധായകന്‍ എഴുതുന്നത്.

ലുക്മാനെ നായകനാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയായ സൗദി വെള്ളക്ക റിലീസിന് ഒരുങ്ങുകയാണ്. ലുക്മാനൊപ്പം വിന്‍സി അലോഷ്യസ്, നിലിജ, ധന്യ അനന്യ, ബിനു പപ്പു, സുധി കോപ്പ തുടങ്ങിയവരും സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in