'ലവ് ജിഹാദ് പ്രോത്സാഹനമെന്ന് ആരോപണം' ; നയൻതാര ചിത്രം 'അന്നപൂരണി'ക്കെതിരെ മുംബൈ പൊലീസ് എഫ്ഐആർ

'ലവ് ജിഹാദ് പ്രോത്സാഹനമെന്ന് ആരോപണം' ; നയൻതാര ചിത്രം 'അന്നപൂരണി'ക്കെതിരെ മുംബൈ പൊലീസ് എഫ്ഐആർ

Published on

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നയൻതാര പ്രധാന വേഷത്തിലെത്തിയ 'അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്' എന്ന സിനിമക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പോലീസ്. രമേഷ് സോളങ്കി എന്നയാളാണ് പരാതി നൽകിയത്. നയൻതാര, ജയ്, നിലേഷ്, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിലെ നായകകഥാപാത്രമായ ജയ് ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളായിരുന്നുവെന്ന് പറയുന്നുണ്ടെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

നവാഗതനായ നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, ജയ്, എന്നിവർക്കൊപ്പം സത്യരാജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്പ് നയൻതാരയുടെ കഥാപാത്രം സ്‌കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്‌കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം. പാചകം ചെയ്യുന്നതിന് മുമ്പ് നിസ്‌കരിക്കുമ്പോൾ തന്റെ ബിരിയാണിക്ക് അസാധാരണമായ രുചിയുണ്ടായിരുന്നുവെന്ന് കോളേജിലെ ഒരു സുഹൃത്ത് നയൻതാരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐടി സെൽ ആരോപിക്കുന്നു.

ഡിസംബർ ഒന്നിനാണ് 'അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ് തിയറ്ററിൽ എത്തിയത്. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഒരു പാചകക്കാരിയാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പെൺകുട്ടിയായിട്ടാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. തമൻ സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ ആണ്.

logo
The Cue
www.thecue.in