
മെയ്യഴകനിലെ 18 മിനിറ്റുള്ള ഭാഗം നീക്കം ചെയ്തതിൽ കുറ്റബോധം തോന്നിയെന്ന് സംവിധായകൻ സി പ്രേംകുമാർ. സിനിമയിലെ ആ ഭാഗം 'മെയ്യഴകൻ' എന്ന കഥാപാത്രത്തിന്റെ ആത്മാംശമുള്ള ഭാഗമായിരുന്നു. നിഷ്കളങ്കരായവർ അറിവില്ലാത്തവരാണെന്ന് ഒരു പൊതുബോധം സമൂഹത്തിൽ ഉണ്ട്. ആ ധാരണയെ പൊളിച്ചു മാറ്റുന്ന സീനുകളായിരുന്നു അത്. ആളുകൾക്ക് സിനിമയുടെ രാഷ്ട്രീയം കണക്ട് ആവില്ല എന്ന് കരുതിയാണ് തിയറ്റർ പ്രദർശനത്തിന് വേണ്ടി ട്രിം ചെയ്തത്. പക്ഷെ സിനിമ ഇറങ്ങി ആഴ്ചകൾക്ക് ശേഷം ട്രിം ചെയ്ത ഭാഗങ്ങൾ ചർച്ചയായി. എന്തുകൊണ്ട് പൂർണ്ണമായി റിലീസ് ചെയ്തുകൂടാ എന്ന് ആളുകൾ ചോദിച്ചെന്ന് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സി പ്രേം കുമാർ പറഞ്ഞു. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'മെയ്യഴകൻ' പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു.
സി പ്രേം കുമാർ പറഞ്ഞത്:
മെയ്യഴകനിൽ നിന്ന് ഞാൻ വെട്ടി മാറ്റിയ 18 മിനിറ്റായിരുന്നു ആ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. കാരണം മെയ്യഴകൻ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുന്ന ഭാഗമായിരുന്നു അത്. അയാളുടെ സ്വഭാവത്തെ കുറിച്ചായിരുന്നു ആ ഭാഗം. നിഷ്കളങ്കരായവർ അറിവില്ലാത്തവരാണ് എന്ന ഒരു പൊതുധാരണ സമൂഹത്തിലുണ്ട്. എഡിറ്റ് ചെയ്ത് മാറ്റിയ ആ ഭാഗം ആ ധാരണയെ പൊളിക്കുന്നതായിരുന്നു. 'മെയ്യഴകൻ' എന്ന ആൾ അറിവില്ലാത്ത ആളല്ല. അയാൾ നിഷ്കളങ്കനാണ്. അയാൾക്ക് അയാളുടേതായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്കറിയാം. ചതിക്കപ്പെട്ടു എന്നും അയാൾക്കറിയാം. പക്ഷെ അയാൾ പറയുന്ന രാഷ്ട്രീയം ആളുകൾക്ക് കണക്ട് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് റിവ്യൂ ചെയ്യുന്നവരിൽ നിന്ന് വിമർശനം ഉണ്ടായിരുന്നു.
ആ സീനുകൾ ഒഴിവാക്കിയതിൽ എനിക്ക് കുറ്റബോധമുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ ആളല്ല ഞാൻ. പക്ഷെ സിനിമ റിലീസായി രണ്ടാമത്തെ ആഴ്ച മെയ്യഴകനെ കുറിച്ച് സോഷ്യൽ മീഡിയ വലിയ ചർച്ച നടക്കുന്നത് ഞാൻ കണ്ടു. വലിയ ഫൈറ്റാണ് അപ്പോൾ ചിത്രത്തെ ചൊല്ലി നടന്നുകൊണ്ടിരുന്നത്. 'നിങ്ങൾ കാരണമാണ് ആ മനുഷ്യന് കുറച്ചു ഭാഗം കളയേണ്ടി വന്നത് എന്ന രീതിയിലായിരുന്നു' ആളുകൾ വിമർശകരോട് പറഞ്ഞത്. 'ട്രിം ചെയ്യാത്ത സിനിമ കാണാൻ ഭാഗ്യമുണ്ടായി' എന്ന് ചിലരും പറഞ്ഞു. വീട്ടിൽ വന്ന് കുറച്ചു പേർ ഭീഷണിപ്പെടുത്തി. 'എന്തുകൊണ്ട് നിങ്ങൾക്ക് മുഴുവൻ സിനിമയും പ്രദർശിപ്പിച്ചുകൂടാ. ഞങ്ങൾ അത് കാണാൻ തയ്യാറാണ്' എന്നായിരുന്നു അവർ പറഞ്ഞത്. ഒടിടി യിൽ വന്നപ്പോഴും ആ ഭാഗങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. അതിനു ശേഷം ഡിലീറ്റഡ് സീൻ ആയിട്ടാണ് ആ ഭാഗങ്ങൾ പുറത്തുവിട്ടത്.