
മൃദുൽ നായർ സംവിധാനം ചെയ്ത ബിടെക് എന്ന സിനിമയാണ് തനിക്ക് ആസിഫ് അലിയെ സമ്മാനിച്ചത് എന്ന് നടൻ അർജുൻ അശോകൻ. പറവയ്ക്ക് ശേഷം മന്ദാരം എന്ന സിനിമയായിരുന്നു ചെയ്തിരുന്നത്. അതിലും ആസിഫ് അലി ഉണ്ടായിരുന്നു. പക്ഷെ, ബാംഗ്ലൂരിൽ ബിടെക് സിനിമ ഷൂട്ട് ചെയ്യുമ്പോൾ താൻ താമസിച്ചത് ആസിഫ് അലിയുടെ തൊട്ടടുത്ത മുറിയിലായിരുന്നുവെന്നും അങ്ങനെ ആസിഫ് അലിയുമായി വലിയൊരു സൗഹൃദത്തിന് തുടക്കമായി എന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അർജുൻ അശോകന്റെ വാക്കുകൾ
പറവ കഴിഞ്ഞ് ഞാൻ ചെയ്യുന്നത് മന്ദാരം എന്ന സിനിമയാണ്. ആസിഫ് അലിയായിരുന്നു നായകൻ. മഴ കാരണം മന്ദാരം ഷെഡ്യൂൾ ബ്രേക്ക് സംഭവിച്ചു. അപ്പോൾ ആ ഗ്യാപ്പിൽ ആസിഫ് ബാംഗ്ലൂരിലേക്ക് ഷൂട്ടിന് പോകുന്നു. ഞാൻ ബാംഗ്ലൂർക്ക് പോകുന്നു, നിങ്ങൾ ഇവിടെ കിടന്നോ എന്നൊക്കെ പറഞ്ഞാണ് പുള്ളി പോകുന്നത്. അതിന് ശേഷം എനിക്ക് ഒരു ചെറിയ ഓഡീഷൻ വരുന്നു. എന്നെക്കൊണ്ട് ചില കാര്യങ്ങൾ ചെയ്യിച്ചു, അതിന് ശേഷം സെലക്ട് ആയി എന്ന് പറഞ്ഞു. പിന്നെ, അവരുടെ ക്രൂ ആദ്യം ഇക്കാര്യം വിളിച്ച് പറയുന്നത് സൗബിനെയാണ്. നിന്റെ ചെക്കനെ ഞങ്ങൾ എടുക്കുകയാണ് എന്ന് പറയുന്നു. അത് ബി ടെക് എന്ന സിനിമയുടെ ഓഡീഷനായിരുന്നു.
ഷൂട്ടിങ്ങിന് ചെന്നപ്പോൾ അവിടെ ആസിഫ് അലി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ട് അപ്പുറത്തെ മുറി എനിക്ക് അവർ തന്നു. ആദ്യം അദ്ദേഹം വേറൊരു ഹോട്ടലിലായിരുന്നു. പക്ഷെ, പിന്നെ ഞാനും ആസിഫ് അലിയും ഒരു അപ്പാർട്ട്മെന്റിൽ അടുത്തടുത്ത മുറിയിലായി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഗണപതിയും വന്നു. ഞാനും ഗണപതിയും ഒരു മുറിയിൽ, അതിന്റെ അടുത്ത മുറിയിൽ ആസിക്ക. അങ്ങനെ വലിയൊരു മൊമന്റായിരുന്നു. ബിടെക് ആയിരുന്നു സത്യത്തിൽ ആസിഫ് അലിയെ എനിക്ക് തന്നത്.