
അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിന്റെ കളക്ഷൻ കണക്കുകളാണ് കൗതുകമാകുന്നത്. 4 ദിവസം കൊണ്ട് 11.78 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ചു "ബ്രോമാൻസ്"തിയേറ്ററുകളിൽ മികച്ച രീതിയിലാണ് പ്രദർശനം തുടരുന്നത്.
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ചെന്നൈ ബാംഗ്ലൂർ , ഹൈദ്രബാദ്, അഹമ്മദാബാദ്, പൂനാ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബ്രോമാൻസ് പറയുന്നത് സാഹോദര്യവും അതിനുള്ളിലുള്ള സ്നേഹവുമാണ് എന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഡി ജോസ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുഹൃത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരുടെ കഥയാണ് ബ്രോമാൻസ് എന്നും ആരും സിനിമയെ സീരിയസ്സ് ആയി എടുക്കരുതെന്നും അരുൺ ഡി ജോസ് പറഞ്ഞു.
ബ്രോമാൻസിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സംഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്, ആർട്ട് - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്