'ഹമാരേ ബാരാ' ഇസ്ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു; ചിത്രത്തിന് വിലക്കേർപ്പെടുത്തി കർണ്ണാടക സർക്കാർ, റിലീസ് തടഞ്ഞ് ബോംബെ ഹൈക്കോടതി

'ഹമാരേ ബാരാ' ഇസ്ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു; ചിത്രത്തിന് വിലക്കേർപ്പെടുത്തി കർണ്ണാടക സർക്കാർ, റിലീസ് തടഞ്ഞ് ബോംബെ ഹൈക്കോടതി

അന്നൂ കപൂര്‍ ചിത്രം 'ഹമാരേ ബാരാ'യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. കമൽ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം വർഗീയ സംഘർഷത്തിന് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. നിരവധി സംഘടനകളുടെ അഭ്യർഥന പരിഗണിച്ചും ട്രെയിലർ കണ്ടതിനുശേഷവുമാണ് തീരുമാനമെടുത്തതെന്ന് കർണാടക സർക്കാർ അവകാശപ്പെട്ടു. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. കർണാടക സിനിമാ റെഗുലേഷൻസ് ആക്ട് 1964, സെക്ഷൻ 15(1), 15(5) അനുസരിച്ചാണ് തീരുമാനം.

അതേ സമയം ചിത്രത്തിന്റെ റിലീസ് ബോംബെ ഹൈക്കോടതിയും തടഞ്ഞിട്ടുണ്ട്. ജൂൺ 14 വരെയാണ് ചിത്രത്തിന്റെ പ്രദർശനം തടഞ്ഞിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് നൽകിയ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും അതുവഴി ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ജസ്റ്റിസുമാരായ എൻആർ ബോർക്കറും കമാൽ ഖാട്ടയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. അസ്ഹർ ബാഷ തംബോലി എന്നയാളാണ് ചിത്രത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. 1952ലെ സിനിമറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്കും അതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ് ജൂൺ 7 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന സിനിമയെന്നും ഹർജിയിൽ പറയുന്നു.

വിവാഹിതരായ മുസ്ലീം സ്ത്രീകൾക്ക് സമൂഹത്തിൽ വ്യക്തികൾ എന്ന നിലയിൽ സ്വതന്ത്രമായ അവകാശങ്ങളില്ല എന്ന തരത്തിലാണ് സിനിമയുടെ ട്രെയിലർ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ മയൂർ ഖണ്ഡേപാർക്കർ പറഞ്ഞു. ഈ ചിത്രീകരണം ഖുർആനിലെ ആയത്ത് 223-ൻ്റെ തെറ്റായ വായനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. ഖണ്ഡേപാർക്കർ ബെഞ്ചിന് മുന്നിൽ ട്രെയിലർ കാണിക്കുകയും ഇന്ത്യയിലെ ഇസ്ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്ലീം സ്ത്രീകളെയും അവഹേളിക്കുന്നതാണെന്ന് ഹർജിക്കാരൻ അവകാശപ്പെടുന്ന ഡയലോഗുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സിനിമയുടെ പൊതു പ്രദർശനം മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു. ട്രെയിലർ സിനിമാട്ടോഗ്രാഫ് നിയമത്തിലെ സെക്ഷൻ 5 ബിയും ഐപിസിയുടെ 153 എ, 292, 293 295 എ, 505 എന്നീ വകുപ്പുകളും ലംഘിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷമാണ് ചിത്രത്തിന് സർട്ടിഫിക്കേഷൻ അനുവദിച്ചതെന്ന് സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അദ്വൈത് സേത്നയും വാദിച്ചു. ഇതിന് പിന്നാലെയാണ് 2024 ജൂൺ 14 വരെ ഏതെങ്കിലും പബ്ലിക് ഫോറത്തിലോ/പ്ലാറ്റ്‌ഫോമിലോ "ഹമാരേ ബാര" എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും പ്രചരിക്കുന്നതിൽ നിന്നും ‌കോടതി നിർമാതാക്കളെ വിലക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in