'നെപ്പോട്ടിസത്തിന് കാരണം സിനിമാ മേഖല മാത്രമല്ല, മീഡിയയും പ്രേക്ഷകരും അതിന് ഉത്തരവാദികളാണ്': കൃതി സനോൻ

'നെപ്പോട്ടിസത്തിന് കാരണം സിനിമാ മേഖല മാത്രമല്ല, മീഡിയയും പ്രേക്ഷകരും അതിന് ഉത്തരവാദികളാണ്': കൃതി സനോൻ
Published on

നെപ്പോട്ടിസത്തിന് കാരണം സിനിമാ മേഖല മാത്രമല്ലെന്ന് നടി കൃതി സനോൻ. മിമി എന്ന ചിത്രത്തിലൂടെ 2021ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് കൃതി സനോൻ. സിനിമാ താരങ്ങളുടെ മക്കളെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഇന്‍ഡസ്ട്രി ചിന്തിക്കുന്നതിന് പിന്നില്‍ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ജനങ്ങൾക്ക് അവരെ കാണാൻ ആകാംഷയുണ്ടെന്ന് മനസ്സിലാക്കിയാണ് ഇൻഡസ്ട്രി അവരെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്നും കൃതി സനോൻ പറഞ്ഞു. ഗോവയില്‍ നടക്കുന്ന 55ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു കൃതി സനോൻ.

കൃതി സനോൺ പറഞ്ഞത്:

നമ്മൾ എപ്പോഴും ഈ നെപ്പോകിഡ്സ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടല്ലോ? എനിക്ക് തോന്നുന്നത് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തം സിനിമാ മേഖലയ്ക്ക് അല്ല. മീഡിയയ്ക്കും പ്രേക്ഷകർക്കും കൂടി അതിൽ ഉത്തരവാദിത്തമുണ്ട്. സിനിമാതാരങ്ങളുടെ മക്കളെ കുറിച്ച് മീഡിയ പുറത്തുവിടുന്ന വാര്‍ത്തകള്‍ കാണാന്‍ ജനങ്ങള്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. ഈ 'സ്റ്റാര്‍ കിഡ്‌സിനെ' കാണാന്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടല്ലോ എന്ന് മനസിലാക്കുന്ന ഇന്‍ഡസ്ട്രി അവരെ സിനിമയിലും കൊണ്ടുവരുന്നു. അവരെ വെച്ച് സിനിമയെടുക്കാം എന്ന് കരുതുന്നു. ഇതൊരു സര്‍ക്കിളായി തുടരുകയാണ്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ നിങ്ങൾ ഇവിടെ എത്തിച്ചേരും എന്നാണ്. നിങ്ങൾക്ക് കഴിവില്ലെങ്കിൽ നിങ്ങൾ എവിടെ നിന്നു വരുന്നു എന്നതിന് പ്രസക്തിയുണ്ടാവില്ല. പ്രേക്ഷകർക്ക് നിങ്ങളുമായി കണക്ട് ചെയ്യാൻ സാധിക്കണം, അതിന് കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് അവിടേക്ക് എത്താൻ സാധിക്കില്ല.

'ഹീറോപന്തി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് കൃതി സനോൻ. സബ്ബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ ഷ്റോഫായിരുന്നു നായകൻ. അല്ലു അർജുന്റെ തെലുങ്ക് ചിത്രം പരുഗു ന്റെ റീമേക്കായിരുന്നു ഈ ചിത്രം. ശശാങ്ക ചതുർവേദി സംവിധാനം ചെയ്ത ദോ പത്തിയാണ് ഒടുവിലായി പുറത്തെത്തിയ കൃതി സനോൻ ചിത്രം. കൃതിയും കജോളുമാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തിയത്. ഷഹീർ ഷെയ്ഖ്, തൻവി ആസ്മി, ബ്രിജേന്ദ്ര കല, വിവേക് ​​മുശ്രൻ, പ്രാചീ ഷാ പാണ്ഡ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in