ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ നിയമം, ആശയം വന്ന വഴിയേ കുറിച്ച് തിരക്കഥാകൃത്ത് ബോബി

ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ നിയമം, ആശയം വന്ന വഴിയേ കുറിച്ച് തിരക്കഥാകൃത്ത് ബോബി

മമ്മൂട്ടി ചിത്രമായ വൺ മുന്നോട്ടു വെച്ച റൈറ്റ് ടു റീകാൾ എന്ന ആശയത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. ഹാഷ്ടാഗ് റൈറ്റ് ടു റീകാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. നമ്മൾ അധികാരത്തിൽ എത്തിച്ച ജനപ്രതിനിധികൾ നമുക്ക് വേണ്ടി ജോലിചെയ്യുന്നില്ലെങ്കിൽ അവരെ തിരിച്ചു വിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകുന്ന നിയമമാണ് റൈറ്റ് ടു റീകാൾ. ബോബി സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ പ്രേക്ഷകരുടെ മുന്നിൽ അവർ തിരിച്ചറിയാതെ പോയ പുതിയ സാധ്യതകളും ആശയവുമാണ് തുറന്നു കാട്ടിയിരിക്കുന്നത്. റൈറ്റ് ടു റീകാൾ എന്ന ആശയം ഉണ്ടായപ്പോൾ തന്നെ അതിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ചതായി തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബോബി പറഞ്ഞു. സുപ്രീം കോടതി റിട്ടയർഡ് ജസ്റ്റീസ് കെ ടി തോമസ് ആണ് ഇങ്ങനെയൊരു കാര്യം നിലവിൽ ഉള്ളതായി പറഞ്ഞത്. അങ്ങനെ ഇമാജിനേഷൻ എന്ന് കരുതിയ കാര്യം യാഥാർഥ്യമാണെന്ന് അദ്ദേഹത്തിൽ നിന്നും ബോധ്യമായതായി ബോബി ദ ക്യുവിനോട് പറഞ്ഞു.

ബോബിയുടെ വാക്കുകൾ

റൈറ്റ് ടു റീകാൾ എന്ന ആശയം ഉണ്ടായപ്പോൾ തന്നെ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് നമ്മൾ അന്വേഷിക്കുവാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് സുപ്രീംകോടതി മുൻ ജസ്റ്റീസ് ആയിരുന്ന കെ ടി തോമസ് സാറിനെ നമ്മൾ മീറ്റ് ചെയ്യുന്നത്. ഇങ്ങനെയൊരു സാധ്യത നിലവിൽ ഉണ്ടെന്നും വിവിധ പാർട്ടികളിലെ പ്രതിനിധികൾ പല കാലങ്ങളിലായി ഈ ബില്ലുമായി പാർലമെന്റിനെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു. നമ്മൾ വിചാരിച്ചത് റൈറ്റ് ടു റീകാൾ നമ്മുടെ ഇമാജിനേഷൻ ആണെന്നായിരുന്നു എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെയൊരു സംഭവം ഉള്ളതായി കെ ടി തോമസ് സാർ പറഞ്ഞപ്പോൾ ആണ് അറിയുന്നത് . തുടർന്ന് നടത്തിയ റിസേർച്ചിന്റെ ഭാഗമായി സിപിഐ നേതാവ് സി കെ ചന്ദ്രപ്പനും ബിജെപി നേതാവ് വരുൺ ഗാന്ധിയും ഈ ബില്ലുമായി ലോക്സഭയെ സമീപിച്ചിരുന്നു എന്ന് മനസ്സിലായി. എന്നാൽ മറ്റു പലരും സമാന ബില്ലുമായി സമീപിച്ചിട്ടുണ്ട്. അവരുടെ പേരുകൾ കൃത്യമായി ഓർക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഈ ബില്ല് ഒരിക്കലും പാർലമെന്റിൽ പാസാകുവാൻ പോകുന്നില്ല . ഇങ്ങനെയൊരു ബില്ല് പാസായാൽ അത് സർക്കാരിനെ ബാധിക്കില്ലേ. റൈറ്റ് ടു റീകാൾ വെറും ഒരു ആശയം മാത്രമായിരുന്നു. അതിന് പിന്നിലെ സാധ്യതകളെ കുറിച്ച് അറിഞ്ഞപ്പോൾ എക്സൈറ്റെഡ് ആയി.

Related Stories

No stories found.
logo
The Cue
www.thecue.in