'ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ നമ്മുടെ നൊസ്റ്റാൾജിയ ആണ്' ; കാലത്തെ മനസ്സിലാക്കാനും ഫീൽ ചെയ്യിക്കാനും അവയ്ക്ക് സാധിക്കുമെന്ന് മമ്മൂട്ടി

'ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ നമ്മുടെ നൊസ്റ്റാൾജിയ ആണ്' ; കാലത്തെ മനസ്സിലാക്കാനും ഫീൽ ചെയ്യിക്കാനും അവയ്ക്ക് സാധിക്കുമെന്ന് മമ്മൂട്ടി

മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഹൊറർ ചിത്രമാണ് ഭ്രമയുഗം. ഒരു കാലം കുറച്ചുകൂടെ ആളുകളിലേക്ക് സത്യസന്ധമായി മനസ്സിലാക്കാനും ഫീൽ ചെയ്യിക്കാനും സാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തതെന്ന് മമ്മൂട്ടി. ബ്ലാക്ക് ആൻഡ് വൈറ്റ് എന്നത് പുതുതലമുറ അനുഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഒപ്പം അത്തരം സിനിമകൾ നമ്മുടെ നൊസ്റ്റാൾജിയ ആണ്. അതുപോലെ ഈ കഥ അതിന് പറ്റിയതാണെന്നും മമ്മൂട്ടി പറഞ്ഞു. ഭ്രമയുഗം സിനിമയുടെ പ്രെസ്സ് മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകൾ :

ബ്ലാക്ക് ആൻഡ് വൈറ്റ് എന്നത് പുതുതലമുറ അനുഭവിച്ചിട്ടില്ലാത്ത കാര്യമാണ്. അതൊന്ന് കണ്ടറിയാം അതുപോലെ ഈ സിനിമ അതിന് പറ്റിയൊരു സിനിമയാണ്. ഒരു കാലം കുറച്ചുകൂടെ ആളുകളിലേക്ക് സത്യസന്ധമായി മനസ്സിലാക്കാനും ഫീൽ ചെയ്യിക്കാനും സാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തത്. ആദ്യ കാലങ്ങളിൽ ഫ്ലാഷ്ബാക്ക് കാണിക്കാനായി ബ്ലാക്ക് ആൻഡ് വൈറ്റ് ഉപയോഗിച്ചിരുന്നു അങ്ങനെയാണ് അതിൽ നിന്ന് ഞങ്ങൾക്ക് പ്രചോദനം ഉണ്ടായത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ നമ്മുടെ നൊസ്റ്റാൾജിയ ആണ്. പല ഹോളിവുഡ് ഫിലിം മേക്കേഴ്‌സും ഇത് ഉപയോഗിച്ചിട്ടുണ്ട്. അഞ്ച് എട്ട് വർഷം മുൻപ് ആർട്ടിസ്റ്റ് എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് 35mm ൽ ആണ് എടുത്തത്. നമുക്കും വേണ്ടേ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ.

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയു​ഗം. ഒരു മനയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും ഒപ്പം സ്വന്തം വിധി പണയം വച്ച് ജീവിതം കൊണ്ട് പകിട കളിക്കുന്ന രണ്ട് പേരെയും ട്രെയ്ലറിൽ കാണാൻ സാധിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്നൊരു കഥയാണ് ഭ്രമയു​ഗം. കഴിഞ്ഞ ദിവസം അബുദാബിയിലാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് നടന്നത്. മുൻവിധിയൊന്നുമില്ലാതെ കാണേണ്ട ചിത്രമാണ് ഭ്രമയ​ഗുമെന്നും ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ടെന്നും അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയുമെന്നും മമ്മൂട്ടി ട്രെയ്ലർ ലോഞ്ചിൽ പറഞ്ഞു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 15 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in