ഇത് ഞങ്ങളുടെ റിയാലിറ്റിയാണ്, നിസ്സഹായതയാണ്; എന്തുവന്നാലും കുടുക്ക് ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് ബിലഹരി

ഇത് ഞങ്ങളുടെ റിയാലിറ്റിയാണ്, നിസ്സഹായതയാണ്; എന്തുവന്നാലും കുടുക്ക് ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് ബിലഹരി

ചെറിയ സിനിമള്‍ക്ക് മലയാളത്തില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് കുടുക്ക് സിനിമയുടെ സംവിധായകന്‍ ബിലഹരി. വലിയ സിനിമകളുടെ ഞെരുക്കത്തില്‍ ചെറിയ സിനിമകള്‍ പെട്ടുപോകുന്നതാണ് ഞങ്ങളുടെ റിയാലിറ്റിയെന്നും, ഇത് നിസ്സഹായതയാണെന്നും കുടുക്ക് ടീം ദ ക്യുവിനോട് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും വ്യാഴാഴ്ചതന്നെ സിനിമയുടെ റിലീസ് ഉണ്ടായിരിക്കുമെന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ കൂടിയായ ബിലഹരിയും കൃഷ്ണ ശങ്കറും പ്രതികരിച്ചത്.

കുടുക്കിനെ സംബന്ധിച്ച് ഇനിയൊരു റിലീസ് മാറ്റം താങ്ങാനാവില്ല. പ്രേക്ഷകര്‍ സിനിമയെ വാല്യു ചെയ്യുന്ന ഒരു കാര്യമാണത്. ഇന്ന് രാവിലെയാണ് ഞങ്ങള്‍ ആ ഞെട്ടിക്കുന്ന സത്യം അറിയുന്നത്, നാളെ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണം കുറവായിരിക്കുമെന്ന്. കാരണം, വലിയ സിനിമകളുടെയും, മുന്‍പ് കളിച്ചിട്ടുള്ള സിനിമകളുടെയും, വലിയ ഡിസ്ട്രിബൂഷനുകളുടെയുമെല്ലാം ഞെരുക്കത്തില്‍ ഞങ്ങളുടെ ചെറിയ സിനിമ ഇരയാവുകയാണ്. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഇതൊരു ചെറിയ സിനിമയായിരിക്കും, അല്ലെങ്കില്‍ ഏതെങ്കിലുമൊരു കുടുക്ക് ആയിരിക്കും, എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സിനിമ അത്രയും വലുതാണ്. ഞങ്ങള്‍ക്കേ അതിന്റെ വാല്യു അറിയുകയുള്ളുവെന്നും ബിലഹരി പറഞ്ഞു.

പ്രേക്ഷകരോട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് നാളെ റിലീസ് ചെയ്യും എന്നുള്ളത്. അത് റിലീസ് ചെയ്തില്ലെങ്കില്‍ അതില്‍ പിന്നെ ഞങ്ങള്‍ക്ക് വേറെ ഒന്നും പറയാനില്ല. കുടുക്ക് സിനിമ കൊച്ചിയിലെ വനിതാ വിനീതയില്‍ വാഴാഴ്ച 9:30 ക്ക് റിലീസ് ചെയ്യും. പ്രിവ്യു ഷോ ആയിരിക്കില്ല, കാശുകൊടുക്കാതെ ഒരാള്‍ക്കും ടിക്കറ്റ് തരില്ല', കൃഷ്ണശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

'അടിസ്ഥാനപരമായി, ഞങ്ങളുടെ അവസ്ഥ നിസ്സഹായതയാണ്. ഞങ്ങള്‍ക്ക് അങ്ങനെ വലിയ മണി പവര്‍ കാണിക്കാനുള്ള സാഹചര്യങ്ങളൊന്നും ഇല്ല. ഒരു ചെറിയ സിനിമയാണ് ഞങ്ങള്‍ ചെയ്തത്. അത് ഞങ്ങള്‍ വ്യാഴാഴ്ച തെന്ന റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുകയാണ്. സമയം കുറയും തോറും ഞങ്ങള്‍ സംഘര്‍ഷത്തിലാവുകയായിരുന്നു. റിലീസ് ആകുമോ എന്ന ആകുലതയിലിരിക്കുമ്പോള്‍ രാവിലെ പറയുകയാണ് 40 സെന്ററൊക്കെയേ കിട്ടാന്‍ സാധ്യതയുള്ളുവെന്ന്. എന്തുവന്നാലും വ്യാഴാഴ്ച തന്നെ റിലീസ് ചെയ്യും എന്ന് കരുതിയിരുന്നപ്പോള്‍ 12 സെന്ററേ കിട്ടുകയുള്ളു എന്ന് പറയുന്നു. ഇതിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ റിയാലിറ്റി ഞങ്ങള്‍ക്ക് മനസ്സിലായി. ഇനി എന്തൊക്കെ വന്നാലും പടം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ അപ്പോള്‍ തന്നെ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചു. ഇതിനു മുന്‍പ് മലയാള സിനിമയില്‍ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. രാത്രി ഒമ്പതരയ്ക്ക് വനിതാ വിനീതയില്‍ സെക്കന്റ് ഷോ നടക്കു'മെന്നും ഇരുവരും അറിയിച്ചു.

'രാത്രി റിലീസ് ചെയ്യുന്നത് വന്‍ കോണ്‍ഫിഡന്‍സ് ആണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പക്ഷെ അതല്ല; നിവൃത്തികേടുകൊണ്ടാണ്. പകല്‍ റിലീസ് ചെയ്യണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം, പക്ഷെ പറ്റിയില്ല. സ്റ്റാര്‍ പടങ്ങളെ ഇടിച്ചിടുന്ന പടമാണിത് എന്നൊന്നുമല്ല ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ക്കും ഒരു വഴിയുണ്ട്, ഞങ്ങള്‍ അതിലൂടെ പൊക്കോളാം' ബിലഹരി കൂട്ടിച്ചേര്‍ത്തു.

'ഇതൊരു അരക്ഷിതാവസ്ഥയാണ്, ഞങ്ങളിത് തുറന്നു പറയുന്നു. ഇങ്ങനെ എത്ര സിനിമകള്‍ റിലീസ് മാറ്റി വച്ചിട്ടുണ്ടാകാം. ഇത് ഞങ്ങളുടെ റിയാലിറ്റിയാണ്. നിസ്സഹായതായാണ്. ചിലപ്പോള്‍ വലിയ പവര്‍ഫുള്‍ ആയിട്ടൊരു ഡിസ്ട്രിബൂഷനോ പവര്‍ഫുള്‍ ആയൊരു പാക്കപ്പോ ഞങ്ങള്‍ക്ക് ഇല്ലായിരിക്കും, ഞങ്ങള്‍ക്കുവേണ്ടി ഒച്ചയിടാനായി ഗോഡ്ഫാദേഴ്‌സും ഇല്ലായിരിക്കും. അതിന്റെയൊക്കെ ഇരയാക്കപ്പെടലുകളുടെ ഒരു എക്‌സാമ്പിള്‍ ആയിരിക്കും കുടുക്കെന്നാണ്' ബിലഹരി പറഞ്ഞത്.

ചെറുകിട സിനിമകള്‍ പെട്ടന്ന് തന്നെ ഒ.ടി.ടിയില്‍ റിലീസ് ആകുമല്ലോ, എങ്കില്‍ പിന്നെ അപ്പോള്‍ കാണാം എന്നുള്ള ഒരു ചിറ്റമ്മനയം നിലനില്‍ക്കുന്നുണ്ട്. ഒരു വിക്ടിം കാര്‍ഡ് കളിക്കുകയല്ല, യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു അവസ്ഥ കുടുക്ക് നേരിടുന്നുണ്ടെന്ന് കുടുക്ക് ടീം അറിയിച്ചു.

2020 ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ പലകാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കപ്പെട്ട് പോവുകയായിരുന്നു. ബിലഹരിതന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ കേന്ദ്രകഥാപത്രങ്ങള്‍ സ്വാസിക, ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, അജു വര്‍ഗീസ് എന്നിവരാണ്. ബിലഹരിക്കൊപ്പം, കൃഷ്ണശങ്കര്‍, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in