പോത്തൻവാവ കണ്ടു വീട്ടിലെത്തിയപ്പോൾ അച്ഛൻ ചോദിച്ചു 'എന്റെ മമ്മൂക്കയുള്ളത് കൊണ്ടല്ലേ ഡാ നീ രക്ഷപ്പെട്ടതെന്ന്': ബിജു കുട്ടൻ

പോത്തൻവാവ കണ്ടു വീട്ടിലെത്തിയപ്പോൾ അച്ഛൻ ചോദിച്ചു 'എന്റെ മമ്മൂക്കയുള്ളത് കൊണ്ടല്ലേ ഡാ നീ രക്ഷപ്പെട്ടതെന്ന്': ബിജു കുട്ടൻ
Published on

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബിജു കുട്ടൻ. മമ്മൂട്ടി ചിത്രം പോത്തൻ വാവയിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച ബിജു കുട്ടൻ പിന്നീട് നിരവധി സിനിമകളിൽ മികച്ച ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പോത്തൻവാവ റിലീസ് ആയ സമയത്ത് മമ്മൂട്ടി ആരാധകനായ തന്റെ അച്ഛൻ 'ഞങ്ങളുടെ മമ്മൂട്ടി വേണ്ടി വന്നില്ലേടാ നിന്നെ സിനിമയിൽ എടുക്കാൻ' എന്നാണ് ചോദിച്ചതെന്ന് ബിജു കുട്ടൻ ഓർത്തെടുക്കുന്നു. വെള്ളമടിച്ച് വീട്ടിലേക്ക് വരുന്ന അച്ഛനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മോ​ഹൻലാൽ സിനിമകൾ അടിപൊളിയാണെന്ന് അച്ഛനോട് പറയാറുണ്ടായിരുന്നുവെന്നും അത് കേൾക്കുമ്പോൾ അച്ഛൻ ദേഷ്യപ്പെടുമായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജു കുട്ടൻ പറഞ്ഞു.

ബിജു കുട്ടൻ പറഞ്ഞത്:

എന്റെ വീട്ടിൽ എന്റെ അച്ഛൻ മമ്മൂട്ടിയുടെ ഭയങ്കര ഫാൻ ആണ്. അച്ഛൻ വെള്ളമടിച്ചിട്ട് വരുമ്പോൾ അച്ഛനെ മൂപ്പിക്കാൻ വേണ്ടിയിട്ട് ഞങ്ങൾ മോഹൻലാലിന്റെ പടം ഇറങ്ങിയിട്ടുണ്ട് അടിപൊളിയാണ് കേട്ടോ എന്ന് പറയും. അത് കേൾക്കുമ്പോൾ അച്ഛൻ അവിടെ നിന്ന് പയ്യെ എഴുന്നേൽക്കും. എന്നിട്ട് പറയും മോനെ മമ്മൂട്ടി എന്നു പറഞ്ഞാൽ ഇന്ത്യയിലാണ് എന്ന്. ഓഹ് പിന്നെ എന്നിട്ട് ഹിന്ദിയിൽ ഇല്ലല്ലോ എന്ന് ഞങ്ങൾ തിരിച്ച് ചോദിക്കും. അത് കേൾക്കുമ്പോൾ അച്ഛന് ഭയങ്കര ദേഷ്യം വരും. അച്ഛനെ വെറുപ്പിക്കാൻ വേണ്ടി ഞങ്ങൾ ഇത് ഇങ്ങനെ വെറുതെ പറഞ്ഞുകൊണ്ടേയിരിക്കും. പോത്തൻ വാവ റിലീസ് ആയ സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. തിരിച്ചു വന്നതിന് ശേഷം എല്ലാവർക്കും കൂടിപ്പോയി സിനിമ കാണാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ കുടുംബത്തോടെയാണ് അന്ന് ആ സിനിമ കാണാൻ ഞങ്ങൾ പോയത്. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛൻ ചോദിച്ചു, ഡാ മമ്മൂക്കയാണോ മോഹൻലാൽ ആണോ നല്ലത് എന്ന്. എന്റെ മമ്മൂക്കയുള്ളത് കൊണ്ടല്ലേ ഡാ നീ രക്ഷപ്പെട്ടത്, അദ്ദേഹം വേണ്ടി വന്നില്ലേടാ നിന്നെ സിനിമയിലെടുക്കാൻ എന്ന്. എനിക്ക് സങ്കടം വന്നു പോയി അത് കേട്ടപ്പോൾ. അച്ഛാ അത് ഞാനൊരു തമാശ പറ‍ഞ്ഞതല്ലേ എന്നു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in