ആ നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ്? നൃത്തം പണച്ചിലവുള്ള കാര്യമാണെന്ന് ഈ മേഖലയിലുള്ള എല്ലാവർക്കും അറിയാം; ബിജു ധ്വനി തരംഗ്

ആ നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ്? നൃത്തം പണച്ചിലവുള്ള കാര്യമാണെന്ന് ഈ മേഖലയിലുള്ള എല്ലാവർക്കും അറിയാം; ബിജു ധ്വനി തരംഗ്
Published on

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്ന് നൃത്തസംവിധായകന്‍ ബിജു ധ്വനി തരംഗ്. നൃത്തം ചിലവേറിയ ഒരു കാര്യമാണെന്നും ആ മേഖലയിൽ നിലനിൽക്കുന്നവർക്ക് അത് അറിയാമെന്നും ബിജു പറയുന്നു. പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി മേക്കപ്പും കോസ്റ്റ്യൂം അടക്കം നൃത്തത്തിന് ചിലവുകൾ ഏറെയാണെന്നും അത്തരത്തിൽ അവർക്കുണ്ടാകുന്ന ചിലവുകളെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും അവർ സംസാരിച്ചതിൽ എന്താണ് തെറ്റുള്ളതെന്നും നൃത്തസംവിധായകന്‍ ബിജു ധ്വനി തരംഗ് ചോദിക്കുന്നു. ഒരു നടിയാണ് അത് ചോദിച്ചതെന്നുള്ളതുകൊണ്ട് അവരെ അഹങ്കാരി എന്നു വിളിക്കേണ്ട കാര്യമില്ലെന്നും കൃത്യമായ തുകയാണ് അവർ ചോദിച്ചിരിക്കുന്നതെന്നും ബിജു ധ്വനി തരംഗ് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

ബിജു ധ്വനി തരംഗ് പറഞ്ഞത്:

ആ നടി അഞ്ച് ലക്ഷം രൂപ ചോദിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. ആ നടി പറ‍ഞ്ഞ തുക ഈ പരിപാടി നടത്താൻ വേണ്ടി വരുന്ന ചിലവാണ്. കഴിഞ്ഞ കൊല്ലം ഞാനാണ് ഈ പരിപാടി കൊറിയോ​ഗ്രാഫി ചെയ്തത്. അത് ഞങ്ങൾ ചെയ്തത് കൊല്ലം ജില്ലയിൽ നിന്നു തന്നെയുള്ള കുട്ടികളെ വെച്ചാണ്. അതിനെല്ലാം മേക്കപ്പും കോസ്റ്റ്യൂമിനുമടക്കം ചിലവുകൾ വന്നിട്ടുണ്ട്. അന്ന് ആശ ചേച്ചി ( ആശ ശരത്) അത് സൗജന്യമായാണ് വന്നു ചെയ്തു തന്നത്. ഇപ്പോൾ ഈ ആർട്ടിസ്റ്റ് ചോദിച്ചിരിക്കുന്ന അഞ്ച് ലക്ഷം രൂപ എന്നു പറയുന്നത്, അവർ ആ പരിപാടി പ്രൊഫഷണൽ ഡാൻസേഴ്സിനെ വച്ചാണ് ചെയ്യുന്നതെങ്കിൽ അതിൽ തന്നെ മൂന്നര ലക്ഷത്തോളം രൂപ പോകും. അവരെ വിളിക്കാനും നിർത്തി പഠിപ്പിക്കാനും കൊറിയോ ചെയ്യാനും എല്ലാം ചിലവ് വരും. കോസ്റ്റ്യൂമിന്റെ ചിലവ് വേറെയുണ്ട്. എനിക്ക് തോന്നുന്നത് ഈ അഞ്ച് ലക്ഷം എന്നത് വളരെ കൃത്യമായ തുകയാണ് എന്നാണ്. അതൊരു നടി പറഞ്ഞു എന്നതുകൊണ്ട് ഇത്രയും വലിയ തരത്തിൽ പറയേണ്ട കാര്യമുണ്ടായിരുന്നില്ല. അവരെ അഹങ്കാരി എന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അവർക്ക് വരുന്ന ചിലവിനെക്കുറിച്ചായിരിക്കുമല്ലോ അവർ സംസാരിച്ചിരിക്കുക. അതിൽ എന്താണ് തെറ്റുള്ളത്? നൃത്ത മേഖലയിലുള്ളവർ‌ക്ക് മനസ്സിലാവും അതിനു വരുന്ന ചിലവുകൾ എത്രയാണ് എന്നും നൃത്തം എന്നത് ചിലവുള്ള ഒരു കാര്യമാണ് എന്നും. ഇതിനെക്കുറിച്ച് അറിയാത്ത ഒരാൾ എന്ന നിലയിൽ മന്ത്രി അതിനെക്കുറിച്ച് സംസാരിച്ചത് വളരെ തെറ്റായ ഒരു കാര്യമാണ്.

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി ശിവൻകുട്ടിയുടെ ആരോപണം വലിയ വിവാദമായിരുന്നു. കലോല്‍സവത്തിലൂടെ വളര്‍ന്ന് വന്ന് സിനിമയില്‍ പ്രശസ്തയായ ആളാണ് പണം ആവശ്യപ്പെട്ടതെന്നും ഇത് അഹങ്കാരമാണെന്നുമാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചു. പണം ചോദിച്ചതിനെ തുടർന്ന് നടിയെ ഒഴിവാക്കിയെന്നും നടിയുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം വെഞ്ഞാറമൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in