'നല്ലവനായ ഉണ്ണി' റിയല്‍ ക്യാരക്ടര്‍, അവന്‍ ജുബ്ബ ഇട്ട് ഹോസ്പിറ്റലില്‍ വന്നിട്ടുമുണ്ട്: ബിബിന്‍ ജോര്‍ജ്

'നല്ലവനായ ഉണ്ണി' റിയല്‍ ക്യാരക്ടര്‍, അവന്‍ ജുബ്ബ ഇട്ട് ഹോസ്പിറ്റലില്‍ വന്നിട്ടുമുണ്ട്: ബിബിന്‍ ജോര്‍ജ്
Published on

റിയലിസ്റ്റിക് സിനിമകള്‍ ട്രെന്‍റ് സെറ്ററുകളായിക്കൊണ്ടിരിക്കുന്ന സമയത്ത് കോമഡി വൈബില്‍ വന്ന് ഹിറ്റടിച്ച സിനിമയായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ഇന്ദ്രജിത്ത്, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെ കൊച്ചി പോലൊരു കഥാ പശ്ചാത്തലത്തിൽ പ്ലേസ് ചെയ്തുകൊണ്ട് കോമഡി പറയിപ്പിച്ചത് വലിയ പ്രശംസയ്ക്ക് വഴിവെച്ചിരുന്നു. ചെറിയൊരു കഥാപാത്രം ആയിരുന്നെങ്കിലും അതിലെ രമേഷ് പിഷാരടി അവതരിപ്പിച്ച നല്ലവനായ ഉണ്ണി യഥാര്‍ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതാണെന്നും ഹോസ്പിറ്റലില്‍ പോലും അത്തരത്തിലുള്ള ജുബ്ബ ധരിച്ച് പോകാന്‍ മടിയില്ലാത്ത ഒരു കൂട്ടുകാരന്‍ തനിക്ക് ഉണ്ടായിരുന്നതായും ബിബിന്‍ ജോര്‍ജ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബിബിന്‍ ജോര്‍ജിന്‍റെ വാക്കുകള്‍

വലിയ രീതിയില്‍ പുസ്തകങ്ങള്‍ വായിക്കുകയോ സിനിമകള്‍ കാണുകയോ ചെയ്തിട്ടല്ല, എനിക്കും വിഷ്ണുവിനും ഏറ്റവും കൂടുതല്‍ മുതല്‍ക്കൂട്ടായിട്ടുള്ളത് ഞങ്ങളുടെ കൂട്ടുകാര്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. ഉദാഹരണത്തിന്, 'അമര്‍ അക്ബര്‍ അന്തോണി'യിലെ 'നല്ലവനായ ഉണ്ണി' എന്ന കഥാപാത്രം പോലെയുള്ള ഒരു കൂട്ടുകാരന്‍ ഞങ്ങള്‍ക്കും ഉണ്ട്. ഹോസ്പിറ്റലില്‍ ഷെര്‍വാണിയിട്ട് അവന്‍ വന്നിട്ടുമുണ്ട്.

ആദ്യ എഴുത്തില്‍ 'നീ അവനെ കണ്ട് പഠിക്ക്' എന്ന അമ്മമാരുടെ കമ്പാരിസണില്‍ നിന്നാണ് ആ കഥാപാത്രം ജനിക്കുന്നത്. പക്ഷെ, സിനിമയുടെ എഴുത്ത് പുരോഗമിക്കുമ്പോഴായിരുന്നു ടെറസില്‍ കഞ്ചാവ് നട്ടതിന് കുറച്ച് പേരെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുന്നത്. അങ്ങനെയാണ് ക്ലൈമാക്സിന് മുമ്പായി ആ എലമന്‍റ് പ്ലേസ് ചെയ്ത് ഉണ്ണിയെ വലുതാക്കിയത്.

യഥാര്‍ത്ഥ സംഭവങ്ങളില്‍ കുറച്ച് അതിശയോക്തി കലര്‍ത്തിയായിരിക്കും ഞങ്ങള്‍ തിരക്കഥയില്‍ എഴുതുക. ഉദാഹരണത്തിന്, അമര്‍ അക്ബറിലെ ഹോസ്പിറ്റല്‍ സീനില്‍ ബില്ലടച്ചു എന്ന് ജയസൂര്യ പറയുമ്പോള്‍, 'നീ കേറ്റി വക്കല്ലേ, കറക്റ്റ് പറ' എന്ന് പൃഥ്വിരാജ് പറയുന്ന ഡയലോഗ് റിയല്‍ ഇന്‍സിഡന്‍റാണ്. അന്ന് എന്‍റെ അച്ഛനായിരുന്നു ഹോസ്പിറ്റലില്‍. ബിബിന്‍ ജോര്‍ജ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in