ഹീറോ ഒരാൾ, എന്നാൽ ഹീറോയിസം നാല് പേരിലേക്കും ഒരുപോലെ; ഛോട്ടാ മുംബൈയിലെ തല ​ഗ്യാങിനെക്കുറിച്ച് ബെന്നി പി നായരമ്പലം

ഹീറോ ഒരാൾ, എന്നാൽ ഹീറോയിസം നാല് പേരിലേക്കും ഒരുപോലെ; ഛോട്ടാ മുംബൈയിലെ തല ​ഗ്യാങിനെക്കുറിച്ച് ബെന്നി പി നായരമ്പലം
Published on

വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യപ്പെട്ടിട്ടും നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തിയ മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമയ്ക്ക് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കിയത്. സിനിമ കണ്ട ഒരാൾക്കും തലയെയും പിള്ളേരെയും മറക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. നായകൻ മോഹൻലാൽ ആണെങ്കിലും സിദ്ദിഖിനും ബിജു കുട്ടനും മണിക്കുട്ടനും ഇന്ദ്രജിത്തിനുമെല്ലാം ഒരേ പ്രാധാന്യമാണ് സിനിമയിലുള്ളത്. അത് ബോധപൂർവമായ ഒരു ശ്രമമായിരുന്നു എന്നും ഹീറോ ഒരാളാണെങ്കിലും ഹീറോയിസം നാല് പേരിലേക്കും ഒരേ പോലെ സ്പ്ലിറ്റ് ചെയ്ത് കൊടുത്താണ് തിരക്കഥ തയ്യാറാക്കിയതെന്നും ബെന്നി പി നായരമ്പലം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബെന്നി പി നായരമ്പലത്തിന്റെ വാക്കുകൾ

നിലവിലുള്ള കോൺസപ്റ്റിൽ നിന്നും മാറി ചിന്തിക്കുക എന്നതായിരുന്നു അൻവറിന്റെ രീതി. അതുകൊണ്ടുതന്നെ, എന്റെ മുൻ സിനിമകളിലേത് പോലെ ഇമോഷണൽ കോമഡി അപ്രോച്ചല്ല ഛോട്ടാ മുംബൈയിലേത്. കൊച്ച് കൊച്ച് സംഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥയാണത്. അങ്ങനെത്തന്നെ വേണം എന്ന് അൻവറിനും നിർബന്ധമുണ്ടായിരുന്നു. അപ്പോൾ ആ സംഭവങ്ങൾക്ക് ​ഗ്രിപ്പ് വേണം, കഥാപാത്രങ്ങൾക്ക് ഡെപ്ത്ത് വേണം.

ഞാൻ എഴുതുന്ന സിനിമകളിൽ, അന്തരീക്ഷത്തിൽ നിൽക്കുന്നത് പോലുള്ള, ആവശ്യമില്ലാത്ത ഒരു കഥാപാത്രവും ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. ഉദാഹരണത്തിന്, അതുവരെ കണ്ടുശിലിച്ച സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളുടെ ബാക്​ഗ്രൗണ്ടിലേക്ക് ആരും അധികം പോകാറുണ്ടായിരുന്നില്ല. ആക്ഷൻ മൂഡിലുള്ള സിനിമയിൽ വില്ലന് അത്രയേ പ്രാധാന്യം ഉണ്ടാവാറുള്ളൂ. പക്ഷെ, ഛോട്ടാ മുംബൈയിലെ വില്ലൻ നടേശന് ഭാര്യയും മക്കളും അനിയനും അമ്മയും എല്ലാമുണ്ട്. അതൊരു വ്യത്യസ്തമായ അപ്രോച്ച് ആണ് എന്ന് തോന്നിയിട്ടുണ്ട്.

അത് മാത്രമല്ല, മോഹൻലാലിന്റെ കൂടെ നിൽക്കുന്ന ഓരോരുത്തർക്കും ഐഡന്റിറ്റിയുണ്ട്. അവർക്ക് കുടുംബമുണ്ട്, സാധാരണ മനുഷ്യർക്ക് ഉള്ള എല്ലാ ഇമോഷനുമുണ്ട്. അത് ചെറിയ ഡയലോ​ഗുകളിലൂടെ പോലും കൺവേ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കഥയിലെ ഒരു പോയിന്റിലും അവർക്ക് മാറി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാകാത്തത്. ഹീറോയിസത്തിന്റെ സ്പ്ലിറ്റിങ് പോർഷനായി തന്നെയാണ് ഈ കഥാപാത്രങ്ങൾ നിൽക്കുന്നത്. ഹീറോ മോഹൻലാൽ ആണെങ്കിലും, ആ ഹീറോഷിപ്പ് ഈ നാല് പേരിലേക്ക് ഒരേ പോലെ ഡിവൈഡ് ചെയ്തിരിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ, പൂർണമായും റിയലിസ്റ്റിക്കായ സംഭവങ്ങളിൽ നിന്ന് മാറുകയും എന്നാൽ എന്റർടൈനർ ആവുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in