സിനിമയ്ക്ക് മുൻപ് 25 മിനിറ്റ് പരസ്യം, ബംഗളുരു സ്വദേശിയുടെ പരാതിയിൽ പിവിആർ ഐനോക്‌സിന് 1 ലക്ഷം പിഴ

സിനിമയ്ക്ക് മുൻപ് 25 മിനിറ്റ് പരസ്യം, ബംഗളുരു സ്വദേശിയുടെ പരാതിയിൽ പിവിആർ ഐനോക്‌സിന് 1 ലക്ഷം പിഴ
Published on

സിനിമയ്ക്ക് മുൻപ് 25 മിനിറ്റ് പരസ്യം പ്രദർശിപ്പിച്ച് സമയം പാഴാക്കി എന്നാരോപിച്ച് ബംഗളുരു സ്വദേശി സമർപ്പിച്ച പരാതിയിൽ പിവിആറിന് ഒരു ലക്ഷം പിഴയിട്ട് കോടതി. സിനിമ തുടങ്ങുന്ന സമയം ടിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്താനും മൾട്ടിപ്ലക്‌സ് സ്ഥാപനത്തോട് ഉപഭോക്തൃ കോടതി നിർദ്ദേശിച്ചു. സിനിമയ്ക്ക് മുൻപ് 25 മിനിറ്റ് പരസ്യം പ്രദർശിപ്പിക്കുന്നതിലൂടെ പ്രേക്ഷകന്റെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത് എന്നായിരുന്നു പരാതിക്കാരൻ ആരോപിച്ചത്. പരാതിക്കാരന് 28000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.

2023 ഡിസംബർ 26 നാണ് പരാതിക്കാരനായ ബംഗളുരു സ്വദേശി അഭിഷേക് എംആർ 'സാം ബഹദൂർ' എന്ന ചിത്രം കാണാൻ പിവിആറിലെത്തുന്നത്. എന്നാൽ 4:05 നു തുടങ്ങേണ്ടിയിരുന്ന സിനിമ 25 മിനിറ്റ് പരസ്യത്തിന് ശേഷം 4:30 യ്ക്കാണ് പ്രദർശനം ആരംഭിച്ചത്. സിനിമയ്ക്ക് ശേഷം ജോലി ആവശ്യങ്ങൾക്കായി പോകേണ്ടിയിരുന്ന യുവാവിന്റെ ഷെഡ്യൂളിനെ ഇത് ബാധിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയിൽ പരാതി ഫയൽ ചെയ്തത്. പിവിആർ, ഐനോക്‌സ്, ബുക്ക് മൈ ഷോ എന്നിവർക്കെതിരെയാണ് അഭിഷേക് എംആർ പരാതി ഫയൽ ചെയ്തിരുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ബുക്ക് മൈ ഷോയെ കോടതി കേസിൽ നിന്നൊഴിവാക്കി.

ഉത്തരവിനോടൊപ്പം സിനിമാ പ്രദർശന ശൃംഖലയെയും കോടതി വിമർശിച്ചു. "ഈ യുഗത്തിൽ സമയമാണ് ധനം. എല്ലാവരുടെയും സമയത്തിന് പ്രാധാന്യമുണ്ട്. 25 മിനിറ്റ് തിയറ്ററിൽ വെറുതെ ഇരുന്ന് പരസ്യം കാണുന്നത് സമയനഷ്ടമാണ്. തിരക്കുള്ളവർക്ക് അതൊരു സമയം പാഴാക്കലാണ്" എന്ന് കോടതി പറഞ്ഞു. പിവിആർ തുടരുന്ന ഈ കച്ചവടതന്ത്രം അധാർമ്മികമെന്ന് നിരീക്ഷിച്ച കോടതി സിനിമ തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിനു മുൻപ് പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിട്ടു.

പബ്ലിക് സർവീസ് അനൗൺസ്‌മെന്റുകളും തിയറ്ററിൽ വൈകി എത്തുന്നവർക്ക് വേണ്ടിയുമാണ് ഇത്തരത്തിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് എന്നതായിരുന്നു പിവിആറിന്റെയും ഐനോക്‌സിന്റെയും വാദം. എന്നാൽ സാം ബഹദൂറിന് മുൻപ് പ്രദർശിപ്പിച്ച പരസ്യങ്ങളിൽ 95 ശതമാനവും സർക്കാർ ഇതര പരസ്യങ്ങൾ ആയിരുന്നു എന്നതാണ് കോടതിക്ക് ലഭിച്ച റിപ്പോർട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in