ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട
Published on

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. കുടുംബത്തിനുവേണ്ടി സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്.

1979 മുതൽ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഒൻപത്‌ ഫീച്ചർ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഫാമിലി നെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് തന്റെ ഫീച്ചർ സംവിധായക ജീവിതത്തിന് തുടക്കം കുറിച്ചത്. ദി ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്.

2023-ൽ അദ്ദേഹത്തിന് യൂറോപ്യൻ ഫിലിം അക്കാദമിയുടെ ഹോണററി അവാർഡ് ലഭിച്ചു. കൂടാതെ ടോക്യോ, കൈറോ, ബാറ്റുമി, സാർഡീനിയ എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിലും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഉൾപ്പെടെ നിരവധി മേളകളിൽ നിന്ന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2022-ലെ 27-ാമത് ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറുചിത്രങ്ങൾ ആ വർഷത്തെ മേളയിൽ പ്രദർശിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in