നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

Published on

പുതിയ നിർമ്മാണ കമ്പനി ആരംഭിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്നാണ് നിർമ്മാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ബേസിൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 'ഞാൻ ഇത് വരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിർമ്മാണം. ഇപ്പോഴും അത് എങ്ങനെ വേണമെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് എങ്കിലും കൂടുതൽ മികച്ചതും ധീരവും പുതിയ രീതിയിലുമുള്ള കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം' എന്ന് ബേസിൽ കുറിച്ചു.

ബേസിൽ പങ്കുവെച്ച പോസ്റ്റിന് താഴെ നടൻ ടൊവിനോ തോമസും കമന്റ് പങ്കുവെച്ചിട്ടുണ്ട്. 'അഭിനന്ദനങ്ങൾ അപ്പോൾ എങ്ങനെയാ ആദ്യത്തെ പ്രൊഡക്ഷനിൽ ഞാൻ തന്നെ അല്ലെ നായകൻ' എന്നാണ് ടൊവിനോയുടെ കമന്റ്. 'അല്ല ആദ്യത്തെ സിനിമയിൽ നായകൻ ഞാൻ തന്നെ വേണമെങ്കിൽ നീ വില്ലൻ ആയിക്കോ'' എന്ന് ടൊവിനോയുടെ കമന്റിന് ബേസിൽ മറുപടിയും നൽകിയിട്ടുണ്ട്. നിന്നെ ഇടിക്കാൻ ഉള്ള അവസരമുണ്ടെങ്കിൽ വില്ലനാകാനും ഞാൻ മടിക്കില്ലെന്നും ടൊവിനോ പറഞ്ഞു. ഇത് കൂടാതെ രൺവീർ സിങ്, സഞ്ജു സാംസൺ, രാജേഷ് മാധവൻ നിഖില വിമൽ കെ ആർ ഗോകുൽ എന്നിങ്ങനെ ഒട്ടനേകം താരങ്ങളാണ് ബേസിലിന് അഭിനന്ദങ്ങളുമായെത്തി.

മരണമാസ്സ്‌ ആണ് അവസാനമായി ബേസിൽ അഭിനയിച്ചു പുറത്തിറങ്ങിയ അവസാന ചിത്രം. ശിവദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ടോവിനോയെ കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശിവദാസ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള സിനിമയിൽ ഛായാഗ്രഹണവും എഡിറ്റിങ്ങും ചെയ്തിരിക്കുന്നത് ചമൻ ചാക്കോയാണ്.

logo
The Cue
www.thecue.in